രക്ഷാദൗത്യം ഇന്ന് പൂർത്തിയായേക്കും
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തിറക്കാനുള്ള രക്ഷാദൗത്യം ഇന്ന് പൂർത്തിയായേക്കും. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇവരെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇനി 8 മീറ്റർ മാത്രമാണ് കടക്കാനുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെ ഡ്രില്ലിങ്ങ് വീണ്ടും ആരംഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അടുത്ത 5 മീറ്റർ തടസങ്ങളില്ലാതെ ഡ്രില്ലിംഗ് നടത്താനാകുമെന്നാണ് റഡാർ പരിശോധനയിൽ വ്യക്തമാക്കുന്നത്. ഇന്നു പുലർച്ചെയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകുമെന്നാണ് അവസാന സൂചനകൾ.
എന്നാൽ, തുരങ്കത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് തുരക്കാനുള്ള ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രിയും ഇന്നലെ പകലും രക്ഷാപ്രവർത്തനം പലവട്ടം നിർത്തിവയ്ക്കേണ്ടി വന്നു. ജീവിതത്തിലേക്കുള്ള പാത 10 മീറ്ററോളം അകലെയെത്തി നിൽക്കുമ്പോൾ തുരങ്കത്തിലെ അനിശ്ചിതത്വത്തിൽ തൊഴിലാളികളുടെ ദുരിതം 12-ാം ദിവസത്തിലേക്കു നീണ്ടു.
തുരങ്കനിർമാണ ഘട്ടത്തിൽ ഉപയോഗിച്ച ഇരുമ്പു പാളിയിൽ ഓഗർ മെഷീന്റെ ബ്ലേഡ് ഇടിച്ചതാണ് ബുധനാഴ്ച രാത്രി രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തിയത്. അവശിഷ്ടങ്ങൾക്കിടയിലൂടെ 40 മീറ്ററോളം തുരന്ന് പൈപ്പ് സ്ഥാപിച്ചപ്പോഴായിരുന്നു ഇരുമ്പുപാളി വില്ലനായത്. തുടർന്ന് പൈപ്പിലൂടെ കയറിയ എൻ.ഡി.എം.എ പ്രവർത്തകർ ഇരുമ്പു മുറിച്ചുനീക്കി.
പിന്നീട് കല്ലുകളടക്കം പലതും തടസമായി വന്നു. 25 ടണ്ണിലേറെ ഭാരമുള്ള ഓഗർ മെഷീൻ മണ്ണിൽ താഴ്ന്നതാണ് പുതിയ പ്രതിസന്ധി. ഇത് ഉയർത്തി ഉറപ്പിക്കാനുള്ള ശ്രമം രാത്രിയും തുടരുകയാണ്.
അതേസമയം, തുരങ്കത്തിനുള്ളിൽ കഴിയുന്ന 41 തൊഴിലാളികളും സുരക്ഷിതരെന്ന് എൻഡിഎംഎ അംഗം അത്ത ഹസ്നൻ പറഞ്ഞു. ഇവർക്ക് മതിയായ വെളിച്ചവും വായുവും ലഭ്യമാണ്. ഭക്ഷണവും ലഭിക്കുന്നുണ്ട്.
കൃത്യമായ ഇടവേളകളിൽ ഇവരോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം. തൊഴിലാളികൾ സുരക്ഷിതരെന്ന് രക്ഷാപ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനെത്തിയ അന്താരാഷ്ട്ര തുരങ്ക വിദഗ്ധൻ അർനോൾഡ് ഡിക്സ് പറഞ്ഞു. രക്ഷാപ്രവർത്തനം ഇടതടവില്ലാതെ തുടരുകയാണ്. ഇന്ത്യയിലെ വിദഗ്ധർ എല്ലാവരും ഇവിടെയുണ്ട്.
ധൃതി വേണ്ടെന്നും ഇന്ത്യ മികച്ച രീതിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും ഡിക്സ്. കേന്ദ്ര റോഡ്- ഹൈവേ- വ്യോമയാന സഹമന്ത്രി ജനറൽ വി.കെ. സിങ് ഇന്നലെ സ്ഥലത്തെത്തി രക്ഷാദൗത്യം നിരീക്ഷിച്ചു. കുടുങ്ങിക്കിടക്കുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.