തലശ്ശേരി
കോഴിക്കോട്: നാടിന്റെ വികസനത്തിലേക്കുള്ള സ്വപ്ന പദ്ധതിയായ തലശ്ശേരി – മാഹി ബെെപാസ് യാഥാർത്ഥ്യമായിരിക്കുകയാണെന്നും 2024ൽ നാടിന് സമർപ്പിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
നാടിന്റെ മുഖച്ഛായതന്നെ മാറ്റുന്ന വലിയ വികസനമാണിത്. വടകരയിൽനിന്നും തലശ്ശേരിയിലേക്ക് ഇനി മണിക്കൂറുകളുടെ യാത്ര വേണ്ടെന്നും പുതിയ പാതയിലൂടെ 15 മിനിറ്റിനുള്ളിൽ എത്തിചേരാമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ പുതിയ പാതയിലൂടെ പ്രഭാതനടത്തത്തിനിറങ്ങിയതായിരുന്നു മന്ത്രി റിയാസ്. 2015ൽ യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഈ ദേശീയപാത പദ്ധതി 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് യാഥാർത്ഥ്യമാകുന്നത്.
എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പ്രധാനമന്ത്രിയുമായും കേന്ദ്ര വകുപ്പുമന്ത്രിയുമായും നിരന്തരം ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയാണ് പദ്ധതി വീണ്ടും തുടങ്ങിയത്.
ഭൂമിയേറ്റെടുക്കലായിരുന്നു മുന്നിലുള്ള വലിയ പ്രതിസന്ധി. അത് മറികടക്കാൻ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ദേശീയപാതയുടെ ഭൂമിയേറ്റെടുക്കലിന് പണം നൽകി. 5600 കോടി രൂപയാണ് സംസ്ഥാനം നൽകിയത്.
പിന്നീട് ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, വനം, വെെദ്യുതി, വ്യവസായ വകുപ്പുകളുടെ എകോപനത്തിലൂടെ പദ്ധതിക്ക് ഒപ്പം നിന്നു.
ഓരോ മാസവും പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ നിർമ്മാണവേഗത വിലയിരുത്തി റിവ്യൂം മീറ്റിങ്ങുകൾ നടത്തിയിരുന്നു. പദ്ധതി സാക്ഷാത്കരിക്കാൻ ഒപ്പം നിന്ന എല്ലാ ടീമിനും ദേശീയപാത അതോറിറ്റിക്കും നന്ദിപറയുകയാണെന്നും മന്ത്രി പറഞ്ഞു.