പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് ജനങ്ങൾ മുന്നോട്ടു വരുന്നത്; മുഖ്യമന്ത്രി
കൽപ്പറ്റ: പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽ നിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്. കണ്ണൂർ ജില്ലയിൽ 28,630ഉം കാസർകോട്ട് 14,232ഉം പരാതി ലഭിച്ചു. ഇവ പരിശോധിച്ച് പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ് ജനങ്ങൾ മുന്നോട്ടു വരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ 5,40,722 പരാതികളാണ് ലഭിച്ചത്. 5,36,525 എണ്ണം തീർപ്പ് കൽപ്പിച്ചു. ബാക്കിയുള്ള 4,197 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്.
കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളിൽ 76,551 പരാതികളാണ് ലഭിച്ചത്. 69,413 എണ്ണത്തിൽ തീർപ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതി പരിശോധനയിലാണ്.
നവകേരള സദസ്സ് ഇങ്ങനെ സഞ്ചരിക്കുമ്പോൾ ഭരണം സ്തംഭിക്കില്ലേ എന്നായിരുന്നു ആദ്യം ചിലർ ചോദിച്ചത്. ഭരണം കൃത്യമായി മുന്നോട്ടു പോകുന്നു. സെക്രട്ടറിയറ്റ് പതിവുപോലെ പ്രവർത്തിക്കുന്നു. മന്ത്രിസഭാ യോഗം സഞ്ചാരമധ്യേ കൃത്യമായി ചേരുന്നു.
അപ്പോൾ പുതിയ ആക്ഷേപം ഹോട്ടലിൽ മന്ത്രിസഭായോഗം ചേർന്നു എന്നാണ്. ക്ഷീരമുള്ള അകിടിൻ ചുവട്ടിലും കൊതുക് ചോര തേടുന്ന അതേ സ്വഭാവമാണിത്. ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.