കാഴ്ച പരിമിതി നേരിടുന്നവർക്കായി ബ്രെയിൽ സാക്ഷരതാ പദ്ധതി
തൊടുപുഴ: ഇടുക്കി ജില്ലയിൽ കാഴ്ച പരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് മാസമാണ് പദ്ധതി കാലാവധി.
നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യങ്ങൾ.സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗനവാടി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്.
സർവ്വേയിലൂടെ കണ്ടെത്തുന്ന പഠിതാക്കൾക്ക് 160 മണിക്കൂർ ക്ലാസ് നല്കും.ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെ നിയോഗിക്കും.
ബ്രെയിൽ ലിപിയിലേക്ക് തർജ്ജമ ചെയ്ത സാക്ഷരതാ പാഠ പുസ്തകമാണ് ബ്രെയിൽ സാക്ഷരതാ പദ്ധതിക്കായി ഉപയോഗിക്കുന്നത്. 15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ക്ലാസുകൾ സജ്ജമാക്കും.
പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി സംഘാടക സമിതി രൂപീകരിക്കും. നവംബർ 30ന് ഉച്ചക്ക് ഒരു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലാണ് ഇടുക്കി ജില്ലാതല സംഘാടക സമിതി യോഗം.