രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ട്വൻറി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപു തന്നെ രോഹിത് ഇക്കാര്യം ബി.സി.സി.ഐ അധികൃതരുമായി ചർച്ച ചെയ്തിരുന്നു എന്നാണ് അറിയുന്നത്.
36 വയസുള്ള രോഹിത് ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മാത്രം ശ്രദ്ധിച്ച് കരിയറിൻറെ അവസാന ഘട്ടം പരമാവധി ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഇങ്ങനെയൊരു സാധ്യത പരിഗണിക്കുന്നത്.
അടുത്ത വർഷമാണ് യുഎസിലും വെസ്റ്റിൻഡീസിലുമായി ട്വൻറി20 ലോകകപ്പ് നടക്കുന്നത്. 2022ലെ ടി20 ലോകകപ്പ് സെമിഫൈനലിൽ പരാജയപ്പെട്ട ശേഷം രോഹിത് ഇതുവരെ ഇന്ത്യക്കായി ഈ ഫോർമാറ്റിൽ കളിച്ചിട്ടില്ല.
രോഹിത്തിനെ കൂടാതെ വിരാട് കോലി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുടെ ട്വൻറി20 ക്രിക്കറ്റിലെ ലഭ്യതയും ഇനി സംശയത്തിലാണ്. അതേസമയം, രോഹിത്തിനും കോലിക്കും അവരുടെ ട്വൻറി20 ക്രിക്കറ്റിലെ ഭാവി സ്വയം തീരുമാനിക്കാമെന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
രോഹിത്തിനെക്കാൾ ഒരു വയസ് കുറവാണ് കോലിക്ക്. 148 അന്താരാഷ്ട്ര ട്വൻറി20 മത്സരങ്ങളാണ് രോഹിത് ശർമ കളിച്ചിട്ടുള്ളത്. 140 സ്ട്രൈക്ക് റേറ്റിൽ 3843 റൺസും നേടിയിട്ടുണ്ട്.
ഏകദിന ലോകകപ്പിൽ രോഹിത് കാഴ്ചവച്ച തട്ടുപൊളിപ്പൻ ബാറ്റിങ് ശൈലി ട്വൻറി20 ഫോർമാറ്റിൽ ഇന്ത്യക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന വാദവും ശക്തമാണ്.
ഓസ്ട്രേലിയക്കെതിരായ ട്വൻറി20 പരമ്പരയിൽ സീനിയർ താരങ്ങളെ ആരെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറച്ചു കാലമായി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ. ലോകകപ്പിനിടെ പരുക്കേറ്റ പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ഓസ്ട്രേലിയക്കെതിരേ ടീമിനെ നയിക്കുന്നത്.