വ്യാജ ഐ.ഡി കാർഡ് കേസ്; തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് തിരിച്ചറിയൽ രേഖ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തമിഴ് നടൻ അജിത്തിന്റെ ഫോട്ടോയും പേരും ചേർത്ത് വ്യാജ ഐ.ഡി കാർഡ് നിർമിച്ചതായി കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡ് കണ്ടെത്തിയത്. അജിത്തിന്റെ ഫോട്ടോയുള്ള കാർഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ഇത് വ്യക്തമാകണമെങ്കിൽ യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിവരങ്ങൾ ലഭിക്കണം. വ്യാജ ഐ.ഡി നിർമിച്ചുവെന്ന് കണ്ടെത്തിയ നാല് യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭിനന്ദ് വിക്രം(29), ഏഴംകുളം തൊടുവക്കാട് കുളിക്കുന്നുകുഴി ബിനിൽ ബിനു(21), അടൂർ നെല്ലിമൂട്ടിൽപ്പടി ചാർളി ഭവനിൽ ഫെന്നി നൈനാൻ(25) പന്തളം കൂരമ്പാല വിഘ്നേശ്വരം വീട്ടിൽ വികാസ് കൃഷ്ണൻ(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ഇന്നലെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് പകൽ 11ന് ഇവർ വീണ്ടും കോടതിയിൽ ഹാജരാകണം.
യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു നൽകിയത് അറസ്റ്റിലായ വികാസ് കൃഷ്ണനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
എഡിറ്റിങ്, ഫോട്ടോഷോപ് വൈദഗ്ധ്യം പരിഗണിച്ചാണ് കാർഡ് നിർമാണം വികാസിനെ ഏൽപിച്ചത്. കാർഡിൽ ഉൾപ്പെടുത്തേണ്ട മേൽവിലാസങ്ങളും ഫോട്ടോകളും നൽകിയത് മറ്റ് പ്രതികളെന്നും മൊഴിയുണ്ട്.
ആദ്യം പിടിയിലായ അഭിനന്ദ് വിക്രമൻ, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവർ ‘മുകളിൽ’നിന്നുള്ള നിർദേശ പ്രകാരമാണ് വികാസിനെ ദൗത്യം ഏൽപിച്ചത്. ആരുടെയൊക്കെ തിരിച്ചറിയൽ കാർഡ് നിർമിക്കണം എന്നവിവരം അഭിനന്ദും ബിനിലും ഫെന്നിയും വികാസിന് കൈമാറിയിരുന്നു.
വികാസ് വാട്സാപ്പിലൂടെ അയച്ചുനൽകിയ കാർഡുകൾ മൂവരും ചേർന്ന് ആപ്പിൽ അപ്ലോഡ് ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ കാർഡ് നിർമിച്ചുനൽകിയതിന് ദിവസം ആയിരം രൂപ നിരക്കിൽ പണം ലഭിച്ചെന്ന് വികാസ് കൃഷ്ണൻ പൊലീസിനോട് സമ്മതിച്ചു.
30 ദിവസം ജോലി ചെയ്തു എന്നാണ് വികാസിന്റെ മൊഴി. ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ച് പണം കൈപ്പറ്റിയതിന്റെ തെളിവ് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ബുധൻ രാത്രിയും പത്തനംതിട്ടയിൽ വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായികളാണ് നിലവിൽ പിടിയിലായവർ. സംഭവത്തിൽ മാങ്കൂട്ടത്തിലിനേയും ചോദ്യം ചെയ്യും.