തിരുവനന്തപുരത്ത് വെള്ളക്കെട്ട്, പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു, ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം.
അതേസമയം, തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗൗരീശപട്ടം, തേക്കുമൂട് കോളനി, മുറിഞ്ഞപാലം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ പെയ്തു.
കക്കാട്ടാർ, പമ്പ നദികളുടെ ജലനിരപ്പ് അതി ശക്തമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നദികളിൽ ഇറങ്ങരുതെന്ന് നിർദേശമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി യാത്രക്ക് നാളെ വരെ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.
ശബരിമല തീർഥാടകക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നു. ഇടുക്കി പൊൻമുടി അണക്കെട്ടിൻറെ മൂന്ന് ഷടറുകൾ ഉയർത്തി. മുതിരപ്പുഴയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.