ഠാണ - ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് 45.03 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി; മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: കൊടുങ്ങല്ലൂർ - ഷൊറണൂർ റോഡിൽ ഠാണ - ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് 45.03 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
പുതുക്കിയ ഭരണാനുമതി ആയതോടെ സ്ഥലമേറ്റെടുക്കൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കി നിർമ്മാണപ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഠാണ - ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന് നേരത്തെ 32 കോടി രൂപയുടെ ഭരണാനുമതി ആയിരുന്നു. ഭൂമിയേറ്റെടുക്കൽ ചെലവടക്കം വരുമ്പോൾ നിർമാണച്ചെലവ് വർദ്ധിക്കുമെന്നത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്നാണ് പുതുക്കിയ തുകയുടെ ഭരണാനുമതി നേടിയെടുത്തത്.
റവന്യൂ - പൊതുമരാമത്ത് വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ നടത്തുന്ന മുന്നൊരുക്കങ്ങളിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് എൽഡിഎഫ് സർക്കാർ നൽകുന്ന പിന്തുണയാണ് വർദ്ധിപ്പിച്ച തുകയ്ക്കുള്ള ഭരണാനുമതിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണ്ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജിന് അർഹരായവർക്കുള്ള ഹിയറിംഗ് നടപടികൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11 (1) ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കി. ഭൂമിയുടെ സര്‍വ്വെ നടപടികളും പൂർത്തീകരിച്ചു. സംസ്ഥാനപാതയില്‍ കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്.
മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളില്‍ പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ - ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഏറ്റെടുക്കുന്നത്.
ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര-വാണിജ്യ-സാംസ്കാരിക മേഖലകളുടെ വളര്‍ച്ചക്ക് പദ്ധതി ആക്കംകൂട്ടും. കാലാകാലങ്ങളായി പ്രദേശത്തുകാര്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിനും വികസനമാന്ദ്യത്തിനും ഇത് ശാശ്വത പരിഹാരമാകും.