ഫ്രൈഡേ കമ്പനി സാന്ദ്രയ്ക്ക് നല്കി വിജയ്ബാബു; നിനച്ചിരിക്കാതെ കിട്ടിയ പണം കൊണ്ട് ആശുപത്രി നിര്‍മ്മിക്കാന്‍ സാന്ദ്രാ തോമസും
തിരുവനന്തപുരം: സിനിമാ നിര്‍മ്മാതാക്കളും താരങ്ങളുമായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പില്‍. ഇതിന്റെ ഭാഗമായി വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് കൊടുത്ത കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് സാന്ദ്ര. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഹൈക്കോടതിയില്‍ ക്വാഷ് പെറ്റീഷന് നല്‍കിയെന്നാണ് സൂചന. ഇക്കാര്യം എളമക്കര പൊലീസും സ്ഥീരീകരിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശം വരുന്നതു പോലെ കേസ് അവസാനിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
ചലച്ചിത്ര താരം അജു വര്‍ഗീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളാണ് ഫലം കണ്ടത്. ഒത്തു തീര്‍പ്പ് വ്യവസ്ഥ പ്രകാരം ഫ്രൈഡേ ഫിലിംസ് സ്ഥിതി ചെയ്യുന്ന കലൂരിലെ ഓഫീസും വസ്തുവുമടക്കം അഞ്ചരക്കോടി വിലവരുന്ന സ്വത്തുക്കള്‍ വിജയ്ബാബു സാന്ദ്രയുടെ പേര്‍ക്ക് എഴുതി നല്‍കും. അടുത്ത ആഴ്ച ഇതിന്റെ രജിസ്ട്രഷന് നടക്കും. കൂടാതെ കമ്പനിയിലെ സാന്ദ്രയുടെ നിക്ഷേപവും ലാഭവിഹിതവും ഉള്‍പ്പടെ ഒരു കോടിയുടെ കാഷും നല്‍കും. കമ്പനി കടുത്ത് പ്രതിസന്ധിയിലായതു കൊണ്ട് ചില ബന്ധുക്കളുടെ സഹായത്താല്‍ പണം കൊടുത്തു തീര്‍ക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്.
സാന്ദ്ര തോമസ് ഈ പണവും സ്വത്തും ലഭിക്കുമ്പോള്‍ ഭര്‍ത്താവ് വില്‍സണുമായി ചേര്‍ന്ന് മൂന്ന് ആശുപത്രികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിലമ്പൂര്‍ ആയിരിക്കും പ്രധാന പ്രവര്‍ത്തന മേഖല. സാന്ദ്ര അഭിനയ രംഗത്ത് തുടരുമെങ്കിലും താല്‍ക്കാലികമായി സിനിമ നിര്‍മ്മാണ രംഗത്തു നിന്നും പിന്മാറുന്നു. എഴു സിനിമകള്‍ നിര്‍മ്മിക്കുകയും വിവധ ചാനലുകളിലെ റേറ്റിംഗില്‍ മുന്‍ നിരയില്‍ എത്തിച്ച പരിപാടികള്‍ സൃഷ്ടിക്കുകയും ചെയ്ത ഫ്രൈഡേ ഫിലിംസ് ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമൃത ടി വിയില്‍ ദിനവും സംപ്രേഷണം ചെയ്തിരുന്ന ഹോം മിനിസ്റ്റര്‍ എന്ന പരിപാടി 89ാം എപ്പിസോഡില്‍ നിലച്ചു. സാന്ദ്ര-വിജയ് ബാബു തര്‍ക്കം ഉടലെടുത്ത സാഹചര്യത്തില്‍ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ മാനേജ്മെന്റു ആവിശ്യപ്പെടുകയായിരുന്നത്രേ. അമൃത ടി വി യ്ക്ക് ടാം റേറ്റിംഗില്‍ ബ്രേക്ക് സമ്മാനിച്ച പരിപാടിയാണ് ഹോം മിനിസ്റ്റര്‍. എ വൈ ടി വി യുമായി കുട്ടികളുടെ പരിപാടി സംബന്ധിച്ച് ചര്‍ച്ച നടന്നുവെങ്കിലും കമ്പനിയുടെ അവസ്ഥ കണ്ട് അവരും പിന്മാറി. പുതിയ പ്രോജക്ടുകള്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരും ആശങ്കയിലാണ്. വിജയ് ബാബുവും സാന്ദ്ര തോമസും തമ്മില്‍ തെറ്റാന്‍ കാരണം സാന്ദ്രയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ വില്‍സണ്‍ തോമസാണെന്നും പറയുന്നു.
വിവാഹം കഴിഞ്ഞതോടെ സ്വന്തം നിലയില്‍ നിര്‍മ്മാണ കമ്പനി നടത്താനാണ് സാന്ദ്ര ആഗ്രഹിച്ചത്. ഇതിന്റെ പേരില്‍ കുറേ നാളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. അങ്കമാലിയിലെ ഡയറിയുടെ നിര്‍മ്മാണം പകുതിയായപ്പോള്‍ സാന്ദ്ര സഹകരിക്കാതെയായി. ഇത് വിജയബാബുവിനെ പ്രകോപിതനാക്കിയെന്നാണ് സൂചന. വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചത് സംബന്ധിച്ച് സാന്ദ്ര പൊലീസില്‍ പരാതി കൊടുത്തില്ല. എന്നാല്‍ അവരെ അഡ്മിറ്റു ചെയ്ത അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുക്കുകയായിരുന്നു.
ഫ്രൈഡേ കമ്പനിയുടെ സിഇഒയും മാനേജിങ് ഡയറക്ടറും സാന്ദ്രാതോമസാണ്. വിജയ്ബാബു ചെയര്മാന് മാത്രമായിരുന്നു. ഏഴ് സിനിമകള്‍ നിര്‍മ്മിച്ചതില്‍ സക്കറിയയുടെ ഗര്‍ഭിണികളും മുത്തുഗൗവും മാത്രമാണ് നഷ്ടം വന്നത്. ബാക്കി ചിത്രങ്ങളെല്ലാം ലാഭമായിരുന്നു. സ്പാ തുടങ്ങാന്‍ കൊച്ചിയിലെത്തിയ സാന്ദ്ര ചാനല്‍ അവതാരിക ആകാന്‍ കിരണ്‍ ടി വിയില്‍ എത്തിയതോടെ വിജയ് ബാബുവിനെ പരിചയപ്പെടുകയായിരുന്നു. വീഡിയോ ജോക്കിയാകാന്‍ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ്പ്രസിഡന്റ് വിജയ് ബാബു ലക്ഷ്യം സ്പായേക്കാള്‍ വലുതാകണം എന്നു നിര്‍ദ്ദേശിച്ചു. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുടെ മൂലധനത്തിലാണ് ആദ്യ സിനിമ ഫ്രൈഡേ നിര്‍മ്മിച്ചത്.
ഫ്രൈഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. അപ്പോഴേയ്ക്കും വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഒരുമിച്ച് ഫ്രൈഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകള്‍. പിന്നീടു സാന്ദ്രയുടെ വിവാഹം കഴിഞ്ഞു. തുടര്‍ന്നാണു നിര്‍മ്മാണ കമ്പനിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായതും അത് വലിയ പ്രശ്നങ്ങളില്‍ അവസാനിച്ചതും.