നവകേരളയാത്രയ്ക്കായി സ്കൂൾ ബസ്; ഉത്തരവിന് സ്റ്റേ
കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകണമെന്നുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്നും സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്റെ ഭാഗമായി സ്കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്കും മറ്റ് സ്കൂള്‍ അധികൃതര്‍ക്കും നല്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്.
എന്നാൽ ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി സ്കൂള്‍ ബസ് ഉപയോഗിക്കുന്നതും ആളുകളെ കയറ്റുന്നതും പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വാദം അംഗീകരിച്ചാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്കൂള്‍ ബസ് നവകേരള സദസിനായി വിട്ടുകൊടുക്കരുതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടത്.
സ്കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ.
ഇക്കാര്യത്തിൽ വ്യക്തമായ മറുപടി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകൾ വിട്ട് നൽകാമോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.