പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം, വന്ദേഭാരതിന്റെ സമയപട്ടിക മാറ്റുന്നതിനുള്ള ആലോചനയില്ല
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസുകൾ വന്നതോടെയുള്ള പാസഞ്ചർ, എക്സ്പ്രസ് യാത്രക്കാരുടെ യാത്രാദുരിതത്തിന് ഉടൻ പരിഹാരമാകില്ലെന്ന് സൂചന.
എറണാകുളം - അമ്പലപ്പുഴ സെക്ഷനിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതുവരെ കാക്കണമെന്നാണ് അനൗദ്യോഗിക വിശദീകരണം. റെയിൽവേ ബോർഡിന് മുന്നിൽ വന്ദേഭാരതിന്റെ സമയപട്ടിക മാറ്റുന്നതിനുള്ള ആലോചനയില്ല.
തിരുവനന്തപുരം സെൻട്രലിൽ വേണാടിന്റെ പഴയ സമയമായ 5.15നാണ് ആദ്യ വന്ദേഭാരതിന് ഇപ്പോൾ നൽകിയത്. വേണാടിന്റെ സമയത്തിൽ മാറ്റം വരുത്താതെ 5.10ന് വന്ദേഭാരതിനുവേണ്ടി ഒരു ഷെഡ്യൂൾ നിശ്ചയിച്ചിരുന്നെങ്കിൽ പ്രയാസം നേരിടില്ല.
വേണാടിന് കോട്ടയത്തിനും എറണാകുളം ജങ്ഷനും ഇടയിൽ കൃത്യസമയം പാലിക്കാൻ കഴിയുന്നുമില്ല. അതേസമയം എക്സ്പ്രസ് ട്രെയിനുകൾക്ക് ഡെസ്റ്റിനേഷൻ പോയിന്റിൽ അമിതമായി നൽകിയ മണിക്കൂറുകൾ വരുന്ന ബഫർ ടൈമുകളിൽ നേരിയ കുറവ് വരുത്തുക മാത്രമാണ് ചെയ്തത്.
വൈകിട്ട് എറണാകുളത്തുനിന്ന് പുറപ്പെടുന്ന കായംകുളം പാസഞ്ചർ കൃത്യസമയം പാലിക്കാത്തത് യാത്രക്കാരിലുണ്ടാകുന്ന പ്രയാസം രൂക്ഷമാണ്.
ചേപ്പാടുനിന്ന് ഏഴ് കിലോമീറ്റർ ദൂരമുള്ള കായംകുളം ജങ്ഷനിലേയ്ക്കുള്ള 55 മിനിറ്റ് ബഫർ ടൈമിൽ വരുത്തിയ കുറവിനെയാണ് റെയിൽവേ വേഗമായി അവകാശപ്പെടുന്നത്. വിവിധ ട്രെയിനുകളുടെ ബഫർടൈം കുറച്ച് സമയകൃത്യത വരുത്തിയെന്നാണ് റെയിൽവേയുടെ അവകാശവാദം.
ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിലും യാത്രാക്ലേശത്തിന് കാരണമായ തീരുമാനങ്ങൾക്കെതിരെയും കായംകുളം - എറണാകുളം മെമു ട്രെയിനിൽ പ്രതിഷേധിച്ച് യാത്രക്കാരും എ.എം ആരിഫ് എം.പിയും. ബാഡ്ജ് കുത്തി വായ് മൂടിക്കെട്ടി പ്ലക്കാർഡുകൾ കൈയിലേന്തിയായിരുന്നു പ്രതിഷേധം.
എറണാകുളം - കായംകുളം എക്സ്പ്രസിന്റെ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിങ്കൾ രാവിലെ 7.25ന് ആലപ്പുഴയിൽനിന്നാണ് എംപി ട്രെയിനിൽ കയറിയത്.
ആലപ്പുഴ - എറണാകുളം ട്രെയിൻ യാത്രക്കാർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം യാത്രചെയ്യുന്ന ട്രെയിനിൽ വലിയ തിരക്കാണ്.
ഇത് പരിഹരിക്കുന്നതിന് കൂടുതൽ ബോഗികൾ ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. കായംകുളത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് ഒരു ട്രെയിൻ മാത്രമാണുള്ളത്.
എക്സ്പ്രസ് നിരക്ക് ഈടാക്കുന്ന പാസഞ്ചർ ട്രെയിനാണത്. കുമ്പളം സ്റ്റേഷനിൽ എറണാകുളം - കായംകുളം പാസഞ്ചർ പിടിച്ചിടുന്നതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു.
ഇത്തരം വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ ഫ്രണ്ട്സ് ഓൺ റെയിൽസെന്ന യാത്രക്കാരുടെ സംഘടനയിലെ പ്രവർത്തകർക്കൊപ്പം ആലപ്പുഴയിൽനിന്ന് എറണാകുളംവരെ യാത്രചെയ്ത് എ.എം ആരിഫ് എം.പി വിഷയങ്ങൾ നേരിട്ട് മനസിലാക്കി.
തുടർന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ജില്ലയിലെ ട്രെയിൻ യാത്രാപ്രശ്നം പരിഹരിക്കാൻ പലതവണ എം.പി പരാതി നൽകി. എന്നാൽ നടപടിയുണ്ടായില്ലെന്ന് എം.പി പറഞ്ഞു.