പ്രവാസികള്‍ക്ക് ബഹ്റൈന്‍ നല്കുന്ന പരിഗണനകള്‍ക്ക് നന്ദിയറിയിച്ച് പിണറായി വിജയന്
മനാമ: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നല്കുന്ന പരിഗണനകള്‍ക്ക് പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ, കിരീടാവകാശി ഷെയ്ഖ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസനത്തിനായി പ്രത്യേക നിധി രൂപീകരിക്കണമെന്ന അഭ്യര്‍ഥന ബഹ്റൈന്‍ ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിച്ചു. ബഹ്റൈനില്‍ മലയാളികള്‍ക്കായി വിദ്യാഭ്യാസ സമുച്ചയം, ആരോഗ്യപദ്ധതി എന്നിവയുടെ സാധ്യത ആരാഞ്ഞ അദ്ദേഹം വാണിജ്യ, വ്യാപാര രംഗത്തെ ഉഭയകക്ഷി സഹകരണം എന്നിവയും ചര്‍ച്ച ചെയ്തു. തന്നെ ബഹ്റൈനിലേക്കു ക്ഷണിച്ചതിനുള്ള നന്ദിയും അദ്ദേഹം കിരീടാവകാശിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രമുഖ വ്യവസായികളായ എം.എ.യൂസഫലി, ഡോ. രവി പിള്ള, വര്‍ഗീസ് കുര്യന്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സോമന് ബേബി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന്റെ മകന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് അല്‍ ഖലീഫ, ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, തൊഴില്‍മന്ത്രി ജമീല്‍ ഹുമൈദാന്‍ തുടങ്ങിയവരും സംബന്ധിച്ചു. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ‘ജ്യൂവല്‍ ഓഫ് അറേബ്യ’ അവാര്‍ഡ് പിണറായി കിരീടാവകാശി സല്മാന് രാജകുമാരനു സമ്മാനിച്ചു.
കേരളീയ സമാജത്തില്‍ ഇന്നു വൈകിട്ട് അഞ്ചിനു ബഹ്റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു സ്വീകരണം നല്‍കും. രാത്രി ഏഴിനു അദ്ദേഹം ബഹ്റൈന്‍ മ്യൂസിയം സന്ദര്‍ശിക്കും. മൂന്നു ദിവസത്തെ ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ പിണറായിക്കൊപ്പം ഭാര്യ കമലയുമുണ്ട്. നാളെ രാവിലെ പത്തിനു പിണറായി വിജയന് പങ്കെടുക്കുന്ന ബിസിനസ് സംഗമത്തില്‍ ബഹ്റൈനിലെ മന്ത്രിമാര്‍, പ്രമുഖ വ്യവസായികളായ എം.എ.യൂസഫലി, ഡോ. രവി പിള്ള, വര്‍ഗീസ് കുര്യന് തുടങ്ങിയവര്‍ പങ്കെടുക്കും.