നവ കേരള സദസിന് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയാകെ ഇന്നുമുതല്‍ ഡിസംബര്‍ 23 വരെ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. രാജ്യത്ത് ഒരു സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിസഭ ഒന്നാകെ ഒരു മാസത്തിലേറെ സംസ്ഥാനത്ത് ജനകീയ സദസുമായി സംവാദത്തിനിറങ്ങുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനുള്ള 25 സീറ്റുള്ള പ്രത്യേക ബെൻസ് ബസ് ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നു മഞ്ചേശ്വരത്തെത്തി.
ജനകീയ മന്ത്രിസഭ ജനങ്ങളോടൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഭരണ നിർവഹണത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്ന നവകേരള സദസ് ജനങ്ങളുടെ നിർദേശങ്ങളും പരാതികളും മന്ത്രിസഭയുമായി നേരിട്ടു പങ്കുവയ്ക്കാനുള്ള അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും എല്‍.ഡി.എഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. യു.ഡി.എഫ് ഈ പരിപാടി പൂർണമായും ബഹിഷ്കരിക്കുകയാണ്.
കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽ ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.
ഒരു ദിവസം പോകുന്ന മണ്ഡലങ്ങളിലെ വിവിധ മേഖലയിലുള്ള പ്രമുഖരെ അതത് ജില്ലാ ഭരണകൂടം മുഖേന തയാറാക്കിയിട്ടുണ്ട്. ഇവർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് ഒമ്പതിന് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.
അതിനു ശേഷം മണ്ഡലങ്ങളിലേക്ക് പോകും. മുഖ്യമന്ത്രി എല്ലായിടത്തും റിപ്പോർട്ട് കാർഡ് അവതരിപ്പിക്കും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വർഷക്കാലത്തെ ലക്ഷ്യങ്ങളും അവതരിപ്പിക്കും.
ഓരോ മണ്ഡലത്തിലും എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സംഘാടക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്. യു.ഡി.എഫ് എം.എൽ.എമാർ ബഹിഷ്കരിക്കുന്നതിനാൽ അവിടങ്ങളിലെ ഇടത് തദ്ദേശ ജനപ്രതിനിധികൾക്കാണ് ചുമതല.