അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് റിപ്പോർട്ട്
ഗാസ സിറ്റി: ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രിയിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഒറ്റ രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് അൽ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ.
വെള്ളിയാഴ്ച അൽ ജസീറയോടായിരുന്നു സാൽമിയയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒറ്റ രാത്രിയിൽ ആശുപത്രിയിൽ 22 ജീവൻ പൊലിഞ്ഞു. ആശുപത്രി ഒരേസമയം വലിയ തടങ്കൽപാളയവും കൂട്ടക്കുഴിമാടവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിനമായ വെള്ളിയാഴ്ചയും ഇസ്രയേൽ സൈന്യം ആശുപത്രിയിൽ തമ്പടിച്ചിരിക്കുകയാണ്. ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവുമില്ല. രോഗികളും ആരോഗ്യ അധികൃതരും അഭയം തേടിയവരും ഉൾപ്പെടെ ഏഴായിരത്തിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്.
ഓരോ മിനിറ്റിലും ഒരാൾ എന്നവിധം മരിക്കുന്നു. ഇസ്രയേൽ നടത്തുന്നത് യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അൽ ഷിഫ ഡയറക്ടർ തുറന്നടിച്ചു.
അതിനിടെ, ജബാലിയ അഭയാർഥി ക്യാമ്പിലേക്ക് ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. റാഫയിലെ കെട്ടിടങ്ങളും ബോംബിട്ടു തകർത്തു. നുസൈറത് അഭയാർഥി ക്യാമ്പിലേക്കും ആക്രമണമുണ്ടായി.
വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലേക്കുണ്ടായ ബോംബാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ അൽ ഫലാ സ്കൂളിൽ ഇസ്രയേൽ ബോംബിട്ടതിൽ നിരവധി പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്ക്. നാൽപ്പത്തിരണ്ടു ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 11,470 ഗാസ നിവാസികൾ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അന്താരാഷ്ട്ര സമ്മർദം ഏറുന്നതിനിടെ, മേഖലയിലേക്ക് പരിമിത അളവിൽ ഇന്ധനം അനുവദിക്കാമെന്ന് ഇസ്രയേൽ യുദ്ധമന്ത്രിസഭ. ദിവസേന രണ്ട് ട്രക്കുവീതം ഇന്ധനം അനുവദിക്കാമെന്നാണ് പ്രഖ്യാപനം.
ഇത് ഹമാസിന് ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഗാസ മുനമ്പിലേക്ക് ഇന്ധനം എത്തുന്നത്. ജലവിതരണ, മാലിന്യ പൈപ്പ്ലൈനുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനംമാത്രം റാഫ അതിർത്തിവഴി ഗാസ മുനമ്പിലേക്ക് കടത്തിവിടുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ഗാസയിൽ ആശയവിനിമയ സംവിധാനവും പൂർണമായും നിലച്ചു. ഗാസയിൽ ഫീൽഡ് ആശുപത്രി തുടങ്ങാൻ ഐക്യരാഷ്ട്ര സംഘടന സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതിനിടെ, അൽ ഷിഫ ആശുപത്രിയിൽനിന്ന് പിടിച്ചെടുത്ത ആയുധശേഖരമെന്ന നിലയിൽ ഇസ്രയേൽ സൈന്യം പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് തെളിഞ്ഞതിനാൽ കഴിഞ്ഞ ദിവസം പിൻവലിക്കേണ്ടി വന്നിരുന്നു.
അൽ ഷിഫ ഹമാസിന്റെ പ്രവർത്തനകേന്ദ്രമാണെന്ന് തെളിയിച്ചില്ലെങ്കിൽ വെടിനിർത്തൽ സമ്മർദത്തിന് വഴങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ. ഗാസയിൽ മനുഷ്യക്കുരുതി പരിമിതപ്പെടുത്താൻ ഇസ്രയേൽ സൈന്യത്തിന് കഴിഞ്ഞില്ലെന്ന് സമ്മതിച്ച നെതന്യാഹു, ഇതിന് കാരണം ഹമാസാണെന്നും കുറ്റപ്പെടുത്തി.