നാസിസത്തെയും ഫാസിസത്തെയും ഉൾക്കൊണ്ടവരുടെ പിൻഗാമികളാണവർ; എ വിജയരാഘവൻ
മലപ്പുറം: സാമ്രാജ്യത്വാനുകൂല നയം പിന്തുടരുന്നതിനാലാണ് ഇന്ത്യ ഭരിക്കുന്നവർക്ക് ഇസ്രയേലിന്റെ തെറ്റിനെ തെറ്റാണെന്നു പറയാൻ കഴിയാത്തതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.
നാസിസത്തെയും ഫാസിസത്തെയും ഉൾക്കൊണ്ടവരുടെ പിൻഗാമികളാണവർ - മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യസമിതി സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെന്നും പലസ്തീൻ അനുകൂല നിലപാടായിരുന്നു. എന്നാൽ പലസ്തീനിൽ ആയിരങ്ങളെ കൊന്നൊടുക്കുമ്പോൾ നിശ്ശബ്ദരാവുവുകയാണ് നമ്മുടെ ഭരണാധികാരികൾ.
ലോകരാജ്യങ്ങളിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങളും ലക്ഷങ്ങളും അണിനിരന്ന് യുദ്ധത്തിനെതിരെ പ്രകടനങ്ങൾ നടക്കുമ്പോൾ ഇന്ത്യാ തലസ്ഥാനമായ ഡൽഹി ആ പട്ടികയിലുണ്ടായിരുന്നില്ല.
എന്നാൽ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ചേർന്ന ദിവസം പാർട്ടി ജനറൽ സെക്രട്ടറിമുതൽ ഡൽഹിയിലെ സാധാരണ പ്രവർത്തകർവരെ പങ്കെടുത്ത് ഉജ്വലമായ റാലി നടത്തി ഡൽഹിയിൽ. രാജ്യത്തെ ജനത പലസ്തീനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു.
ലോക രാജ്യങ്ങളെല്ലാം പ്രതികരിക്കുമ്പോഴും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സമീപനമാണ് നമ്മുടെ ഭരണാധികാരികളുടേത്. ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത് തെറ്റാണെന്നു പറയുന്നില്ലെന്നുമാത്രമല്ല, ഐക്യരാഷ്ട്രസഭയിൽ യുദ്ധവിരുദ്ധ പ്രമേയം വന്നപ്പോൾ വിട്ടുനിൽക്കുകയുംചെയ്തു.
മനുഷ്യരെ കൊല്ലാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇസ്രയേൽ. ആരു പറഞ്ഞാലും അനുസരിക്കില്ലെന്ന് പറയുകയാണവർ.
ഒരു രാജ്യം ഇങ്ങനെ പെരുമാറുന്നത് അത്ഭുകരമാണ്. അമേരിക്കൻ പിന്തുണയാണ് അതിന് ബലം നൽകുന്നത്. മനുഷ്യരാശിയുടെ ചരിത്രമെന്നത് കീഴ്പ്പെടലുകളുടേതല്ല. എല്ലാവരെയും കൊന്നൊടുക്കി കീഴടക്കാൻ കഴിയില്ല.
ലോകചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധം തീർക്കുകയാണ് പലസ്തീൻ. അതിന് കരുത്തുപകരുന്നതാണ് ലോകമെങ്ങും നടക്കുന്ന ഇത്തരം ഐക്യദാർഢ്യങ്ങളെന്നും വിജയരാഘവൻ പറഞ്ഞു.