ശശികല- പനീര്‍സെല്‍വം പോര്: ‘തല’ അജിത് കുമാര്‍ ആര്‍ക്കൊപ്പം? മൗനം വെടിയാതെ താരം
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്കെതിരെ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം തുറന്ന പോരിനിറങ്ങിയതോടെ രാഷ്ട്രീയപ്രതിസന്ധിയിലാണ് തമിഴ്നാട്. ജയലളിത ഒഴിച്ചിട്ടുപോയ വിടവ് നികത്താന്‍ രണ്ട് പേര്‍ക്കും ഒരിക്കലും കഴിയില്ലെന്ന് കാര്യം ഉറപ്പാണ്.
തമിഴ്നാട്ടില്‍ ഒന്നിന് പുറകെ ഒന്നായി പൊട്ടിപ്പുറപ്പെട്ട പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണാന്‍ ഒപിഎസിന് കഴിഞ്ഞിരുന്നെങ്കിലും എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അധികാരം കൈയിലെടുക്കാന്‍ ശ്രമിച്ച ശശികലയ്ക്കാകട്ടെ ജയലളിത ജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനം നേടാന്‍ സാധിച്ചിട്ടുമില്ല. 1984ല്‍ എംജിആര്‍ ആശുപത്രിയിലാതിന് ശേഷം തമിഴ്നാട് നേരിട്ട പ്രതിസന്ധിയേക്കാള്‍ മോശം രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്.
തമിഴ്നാട് നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകങ്ങളെ വിമര്‍ശിച്ച് ഇതിനോടകം നിരവധി താരങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു. കമല്‍ഹാസനാണ് ഒപിഎസിന് പിന്തുണയുമായി ആദ്യം മുന്നോട്ട് വന്നത്. എന്തുകൊണ്ട് കുറച്ചുകാലം കൂടി മുഖ്യമന്ത്രിയായി തുടരാന്‍ പനീര്‍ശെല്‍വത്തെ അനുവദിച്ചുകൂടാ, അദ്ദേഹം വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചയാളാണ്. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലങ്കില്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അവരാണ്. ഇത് മോശം ക്ലൈമാക്സാണ്. ശശികല എന്ന യാഥാര്‍ത്ഥ്യം വളരെയധികം വേദനിപ്പിക്കുന്നു. ജയലളിതയുമായി അടുപ്പമുണ്ടായിരുന്നുവെന്നത് മുഖ്യമന്ത്രിയാകാനുളള യോഗ്യതയല്ല. നമ്മള് ആടുകളല്ല, നമുക്ക് വേണ്ടത് ആട്ടിടയന്മാരുമല്ലെന്നായിരുന്നു കമല്ഹാസന് തുറന്നടിച്ചത്. കമല്ഹാസന് പിന്നാലെ ചിന്നമ്മയ്ക്കെതിരെ ആഞ്ഞടിച്ച് നടന് അരവിന്ദ് സ്വാമിയും രംഗത്തെത്തി. ഏകാധിപതികളെ പോലെ വാഴാന്‍ ഇത് രാജഭരണക്കാലമല്ലെന്നായിരുന്നു അരവിന്ദ് സ്വാമി പ്രതികരിച്ചത്. ജനങ്ങളെ ഭരിക്കുന്നവരെയല്ല, സേവിക്കുന്നവരെയാണ് ആവശ്യമെന്നും നടന് ആഞ്ഞടിച്ചു. രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന എംഎല്‍എമാരെ നേരിട്ട് വിളിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് എല്ലാ എംഎല്‍എമാരുടേയും ഫോണ്‍ നമ്പറുകളും താരം ട്വീറ്റ് ചെയ്തു. മാധവന്, ഖുശ്ബു, സിദ്ധാര്‍ത്ഥ് എന്നിവരും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു.
എന്നാല്‍ മറ്റ് മുന്‍നിര താരങ്ങളെല്ലാം തന്നെ മൗനത്തിലാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് തല അജിത് കുമാറിന്റെ മൗനമാണ്. ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെട്ട അജിത് പക്ഷെ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജയലളിതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അജിത് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യവുമാണ്. ജയലളിത സ്വന്തം മകനെ പോലെയാണ് തന്നെ കണ്ടിരുന്നതെന്ന് അജിത് തന്നെ പറഞ്ഞിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ തമിഴ്നാട്ടില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയപോരില് അജിത് ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.
ജയയുടെ വിയോഗത്തിന് പിന്നാലെയാണ് അജിത് അമ്മയുടെ പിന്‍ഗാമി ആകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. തന്നില്‍ കേന്ദ്രീകരിച്ചും, സമ്പൂര്‍ണ വിധേയത്വത്തിലും പ്രവര്‍ത്തിച്ചിരുന്ന എഐഡിഎംകെയെ തുടര്‍ന്ന് നയിക്കാന്‍ ജനകീയതയുള്ള ഒരു മുഖം വേണമെന്ന ജയലളിതയുടെ ആഗ്രഹമാണ് മകനെ പോലെ കരുതുന്ന അജിത്തിനെ പിന്‍ഗാമിയാക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്ത. എംജിആറിന്റെ മരണശേഷം എഐഡിഎംകെ ചിന്നിച്ചിതറാതെ പുതിയ നേതൃത്വത്തിന് പിന്നില്‍ അടിയുറച്ചതിന് ജയലളിതയുടെ താരവ്യക്തിത്വവും ജനസമ്മതിയും കാരണമായിരുന്നു.പനീര്‍ സെല്‍വവും ശശികലയും പാര്‍ട്ടിയില്‍ സ്വീകാര്യരാണെങ്കിലും അണികളില്‍ ജയയ്ക്ക് സമാനമായ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ളവരല്ല. ഈ സാഹചര്യത്തില്‍ ജയയോട് ആത്മബന്ധമുള്ള അജിത് പാര്‍ട്ടിയെ നയിക്കുമെന്നായിരുന്നു വിവിധ മാധ്യമങ്ങളില്‍ നേരത്തെ വന്ന റിപ്പോര്‍ട്ടുകളുടെ ആകെതുക.
ഈ വര്‍ഷം സെപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യമെത്തിയ സന്ദര്‍ശകരില്‍ ഒരാള്‍ അജിത്തായിരുന്നു. അജിത്തിന്റെ സാന്നിധ്യത്തില്‍ ജയലളിത വിശ്വസ്തരോടും പാര്‍ട്ടി നേതൃത്വത്തിലുള്ളവരോടും അജിത്തിനെ തന്റെ കാലശേഷം പാര്‍ട്ടിയുടെ അമരക്കാരനാക്കണമെന്ന് നിര്‍ദ്ദേശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 2001ലും 2012ലും തന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയായ പനീര്‍ സെല്‍വത്തോട് അജിത്ത് മുഖ്യമന്ത്രി പദം ഏറ്റെടുത്താല്‍ സഹായനിര്ദ്ദേശങ്ങളുടെ കൂടെയുണ്ടാകണമെന്ന് ജയ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജയയുടെ വില്‍പ്പത്രത്തിലും അജിത്തിന്റെ നായകത്വത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
തന്റെ വിവാഹത്തിന് ജയലളിത വന്നതും അനുഗ്രഹം ചൊരിഞ്ഞതും മറക്കാനാകില്ലെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പിന്നീട് പോയസ് ഗാര്‍ഡനില്‍ ജയ അജിത്തും ശാലിനിക്കുമായി വിവാഹസല്‍ക്കാരം ഒരുക്കുകയും ചെയ്തു. ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളായാണ് അജിത് പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. ജയലളിതയുടെ ദത്തുപുത്രനാണ് അജിത്ത് എന്നാണ് ചില തല ആരാധകരുടെ അവകാശവാദം. തമിഴ് സൂപ്പര്‍താരങ്ങളില്‍ വിജയും കമല്‍ഹാസനും ജയലളിതയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. രജനീകാന്താകട്ടെ രണ്ട് ദ്രാവിഡകക്ഷികളോടും സമദൂരം പുലര്‍ത്തുന്ന താരവുമാണ്.
ഒരു പൊതുപരിപാടിയില്‍ കരുണാനിധിയുടെ സാന്നിധ്യത്തില്‍ ഡിഎംകെ സിനിമയില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ അജിത് നിശിതമായി വിമര്‍ശിച്ചിരുന്നു. ഡിഎംകെ ഭരണത്തിന് കീഴില്‍ സണ്പിക്ചേഴ്സും ദയാനിധി സ്റ്റാലിന്റെയും ഉദയനിധിയുടെയും നിര്‍മ്മാണകമ്പനികളും തമിഴ് സിനിമയെ കാല്ക്കീഴിലാക്കിയതിനെ മുന്‍നിര്‍ത്തിയായിരുന്നു രജനീകാന്തും വിജയും സന്നിഹിതരായ വേദിയില്‍ അജിത്ത് ഡിഎംകെയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കത്തെ വിമര്‍ശിച്ചത്.