തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ
ഗാസ സിറ്റി: വടക്കൻ മേഖലയിൽ രൂക്ഷ ആക്രമണം തുടരുന്നതിന് പിന്നാലെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം.
തെക്കും വടക്കും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് നടപടി. എവിടെ ഹമാസുണ്ടോ അവിടെ ആക്രമിക്കുമെന്നും ഗാലന്റ് പറഞ്ഞു. വടക്കൻ മേഖലയുടെ നിയന്ത്രണം കൈപ്പിടിയിലാക്കിയതായി സൈന്യം പറഞ്ഞു.
ഗാസ തുറമുഖവും പിടിച്ചെടുത്തു. അതിനിടെ, അൽ ഷിഫ ആശുപത്രിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേൽ സൈന്യം കടന്നുകയറി. ഡോക്ടർമാരെ ചോദ്യം ചെയ്തു.
ആശുപത്രിയുടെ തെക്കൻ കവാടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ആശുപത്രിക്കകത്ത് വെടിവയ്പ്പുണ്ടായതായും റിപ്പോർട്ട്. ഇസ്രയേൽ സൈന്യം മൃതദേഹങ്ങൾ കൊണ്ടുപോയതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
റേഡിയോളജി, പ്രസവ വിഭാഗം, അത്യാഹിത വിഭാഗത്തിന്റെ പ്രധാന കവാടങ്ങൾ എന്നിവിടങ്ങളിലാണ് സൈന്യം കേന്ദ്രീകരിച്ചിരിക്കുന്നത്. ആശുപത്രിക്ക് മുകളിലൂടെ ഡ്രോണുകൾ നിരന്തരം പറക്കുന്നു.
സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തെ ജനറൽ സർജറി കെട്ടിടവുമായി ബന്ധിപ്പിക്കുന്ന പാലമാണ് സൈന്യം ലക്ഷ്യമിടുന്നതെന്നും സാൽമിയ പറഞ്ഞു. ആശുപത്രി ജീവനക്കാരുമായുള്ള ബന്ധം നഷ്ടമായെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു.
അൽ ഷിഫയിൽനിന്ന് ആയുധം ലഭിച്ചതായി അവകാശപ്പെട്ട് പുറത്തുവിട്ട വീഡിയോ ഇസ്രയേൽ സൈന്യം ഉടൻ പിൻവലിച്ചു. മേഖല സന്ദർശിക്കാൻ യുഎൻ മനുഷ്യാവകാശ തലവൻ വോൾക്കർ ടുക്കിന് ഇസ്രയേൽ അനുമതി നിഷേധിച്ചു.
ഗാസയിൽ അൽ അഹ്ലി ആശുപത്രിക്കുനേരെയും ആക്രമണം ഉണ്ടായി. ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്നതിനായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകിയതായി പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യേയുടെ വീട് തകർത്തതായി ഇസ്രയേൽ. വീട്ടിൽ ബോംബിടുന്നതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടു. ഹനിയ്യേയുടെ വീട് ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവരുന്നതായും ആരോപിച്ചു.
ഗാസ ഭരിക്കുന്ന ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ് ഹനിയ്യേ. നേരത്തേ രണ്ടുതവണ ഇദ്ദേഹത്തിന്റെ ഗാസയിലെ രണ്ടു വീടിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.