മധ്യപ്രദേശിലെ മൊത്തം മണ്ഡലങ്ങളിലും ഛത്തീസ്ഗഢിലെ 70 മണ്ഡലത്തിലും പോളിങ്ങ് ആരംഭിച്ചു
ന്യൂഡൽഹി: ആവേശം ഉയരാത്ത പ്രചാരണത്തിനുശേഷം മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിങ്ങ് ബൂത്തിൽ. മധ്യപ്രദേശിലെ മൊത്തം മണ്ഡലങ്ങളിലും ഛത്തീസ്ഗഢിലെ 70 മണ്ഡലത്തിലുമാണ് പോളിങ്ങ് നടക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ഛത്തീസ്ഗഢിൽ ബി.ജെ.പിയും ഭരണമാറ്റത്തിന് ശ്രമിക്കുന്നു.
സംഘടനാപരമായ ക്ഷീണം രണ്ടിടത്തും കോൺഗ്രസ് പ്രചാരണത്തെ ബാധിച്ചു. ബിജെപി വൻതോതിൽ ആളും അർഥവും ഇറക്കി. ഛത്തീസ്ഗഢിൽ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ തവണ തൊണ്ണൂറിൽ 68 സീറ്റ് നേടിയ കോൺഗ്രസിന് ഇപ്പോൾ അത്ര ആത്മവിശ്വാസമില്ല.
കർഷകരുടെയും ആദിവാസികളുടെയും പിന്തുണയാണ് 2018ൽ കോൺഗ്രസിന് മികച്ച വിജയം സാധ്യമാക്കിയത്. വിളകൾക്ക് മെച്ചപ്പെട്ട വില കിട്ടാത്തത് കർഷകരെ രോഷാകുലരാക്കിയിട്ടുണ്ട്.
വർഗീയവൈരം ഇളക്കി ആദിവാസി ക്രൈസ്തവരെ സംഘപരിവാർ സംഘടനകൾ ആക്രമിച്ചപ്പോൾ കോൺഗ്രസ് സർക്കാർ നിഷ്ക്രിയത്വം പാലിച്ചതും ചർച്ചാവിഷയമാണ്.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ 508 കോടി രൂപയുടെ മഹാദേവ വാതുവയ്പ് കുംഭകോണ ആരോപണം ഉയർത്തി.
രണ്ടാംഘട്ടത്തിൽ 958 സ്ഥാനാർഥികൾ മത്സരിക്കുന്നു. 1.68 കോടി വോട്ടർമാർ. ഒന്നാംഘട്ടത്തിൽ 40 ലക്ഷം വോട്ടർമാരായിരുന്നു. മധ്യപ്രദേശിൽ 230 സീറ്റിലായി 2533 സ്ഥാനാർഥികൾ ജനവിധി തേടുന്നു.
മൊത്തം 5.60 കോടി വോട്ടർമാരാണ്. കഴിഞ്ഞതവണ കോൺഗ്രസിന് 114, ബി.ജെ.പിക്ക് 109 സീറ്റ് വീതമുണ്ടായിരുന്നു. കോൺഗ്രസ് സർക്കാരിനെ 15 മാസത്തിനുള്ളിൽ കൂറുമാറ്റത്തിലൂടെ അട്ടിമറിച്ച ബി.ജെ.പിക്ക് നിലവിൽ 127 അംഗങ്ങളുണ്ട്.
രണ്ട് സംസ്ഥാനത്തും ബി.ജെ.പിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രി മോദിയായിരുന്നു. കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റാലികളിൽ പങ്കെടുത്തു.