വായ്പ തിരിച്ചടിക്കാത്തവരുടെ വീടിനു മുന്നില്‍ സമരവുമായി ബാങ്ക് ജീവനക്കാര്‍
കൊച്ചി: വായ്പ തിരിച്ചടിക്കാത്തവരുടെ വീടിനു മുന്നില്‍ സമരവുമായി ബാങ്ക് ജീവനക്കാര്‍. കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരാണ് പുതിയ രീതിയിലുള്ള വായ്പ തിരിച്ചു പിടിക്കല്‍ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇടപ്പള്ളി പോണേക്കരയിലുള്ള ഇടപാടുകാരന്റെ വീടിന് മുന്നില്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ നടത്തി.ബാങ്കിന്റെ കിട്ടാക്കടം വര്‍ധിച്ച് 470 കോടിയായതോടെയാണ് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങിയത്.
50 ലക്ഷത്തിനു മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്ക്കെതിരെയാണ് പ്രതിഷേധം. സംസ്ഥാനത്ത് മൂന്നുവര്‍ഷമായി വായ്പ തിരിച്ചടക്കാത്ത 35 പേരെയാണ് ബാങ്ക് കണ്ടെത്തിയിട്ടുള്ളത്. തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തിരുവനന്തപുരം തുടങ്ങി ഇരുപത് സ്ഥലങ്ങളിലാണ് പ്രതിഷേധം.
കിട്ടാക്കടം വര്‍ധിക്കുകയും മൂലധനം വര്ധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി ബാങ്ക് നഷ്ടത്തിലായിരുന്നു. ജീവനക്കാരുടെ ശമ്പളത്തെയും ബാധിക്കുമെന്ന സ്ഥിതി വന്നു. അതോടെ കിട്ടാക്കടം നിയന്ത്രിക്കാനും തിരിച്ചടപ്പിക്കാനുമായി ബാങ്ക് മാനേജ്മെന്റ് ജീവനക്കാരുടെ അഭിപ്രായം തേടി. ഓരോ ജീവനക്കാരനും നിശ്ചിത അക്കൗണ്ട് നിരീക്ഷണത്തിനായി ഏല്‍പ്പിച്ചു. വായ്പ തിരിച്ചടക്കാനുള്ള സാമ്പത്തികസ്ഥിതി ഉണ്ടായിട്ടും തയ്യാറാവാത്തവരാണ് ഭൂരിഭാഗം പേരും. ജീവനക്കാരുടെ പ്രതിഷേധത്തിന് ബാങ്കില്‍നിന്ന് വിരമിച്ചവരും പിന്തുണയുമായെത്തി.
വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്. അതത് ശാഖകളിലെ നടത്തിപ്പിനാവശ്യമായ ജീവനക്കാരെ ഓഫീസ് ഏല്‍പ്പിച്ചതിനുശേഷം ബാക്കിയുള്ള ജീവനക്കാരാണ് പ്ലക്കാര്‍ഡുമേന്തി പ്രതിഷേധത്തിനിറങ്ങുക. അടുത്ത ഘട്ടം ജീവനക്കാരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അണിനിരത്തി വന്‍പ്രതിഷേധം നടത്താനാണ് തീരുമാനം.
വായ്പയെടുത്തവരെ വ്യക്തിപരമായി അപമാനിക്കാനല്ല നീക്കമെന്നും ബാങ്കിന്റെ നിലനില്‍പ്പാണ് ലക്ഷ്യമിടുന്നതെന്നും ജീവനക്കാര്‍ പറയുന്നു. പ്രതിഷേധം നടത്താനുള്ള തീരുമാനമായപ്പോള്ത്തന്നെ കുറച്ചുപേര്‍ വായ്പ തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.