തൊടുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്റ്റാൻ്റ് നമ്പർ നൽകണമെന്ന് ബി.എം.എസ്തൊ
തൊടുപുഴ: ഓട്ടോറിക്ഷകൾക്ക് സ്റ്റാൻ്റ് നമ്പർ നൽകി, അനധികൃത പാർക്കിങ്ങ് ഒഴിവാക്കി ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന് ബി.എം.എസ് ജില്ലാ വൈ.പ്രസിഡൻ്റ് എം.പി റെജി കുമാർ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ മസ്ദൂർസംഘം തൊടുപുഴ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപജീവന മാർഗത്തിനായി കിടപ്പാടം പണയപ്പെടുത്തി ഓട്ടോറിക്ഷകൾ വാങ്ങി സർവ്വീസ് നടത്താൻ വരുമ്പോൾ സ്റ്റാൻ്റുകളിൽ കയറാനാകാത്ത അവസ്ഥയും എന്നാൽ ചിലയിടങ്ങളിൽ പോലീസിൻ്റെയും നഗരസഭ അധികാരികളുടെയും ഒത്താശയോടെ സ്റ്റാൻ്റുകൾ ഉണ്ടാക്കിയിരിക്കുകയാണ്. ഇത് പലപ്പോഴും സംഘർഷത്തിന് ഇടയാകാറുണ്ട്.
2300ഓളം നമ്പറുള്ള ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തിയിരുന്നത് ഇപ്പോൾ ആയിരത്തിൽ താഴെ വാഹനങ്ങൾ മാത്രമായി. ഇപ്രകാരം കുറവു വന്നിട്ടുള്ള ഓട്ടോറിക്ഷകൾക്ക് പകരം പുതിയ വണ്ടികൾക്ക് സ്റ്റാൻ്റ് നമ്പർ നൽകുവാൻ ട്രേഡ് യൂണിയനുകളെ ഉൾപ്പെടുത്തി അടിയന്തിരമായി ട്രാഫിക് കമ്മറ്റി വിളിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപടി സ്വീകരിക്കാത്തപക്ഷം ബി.എം.എസ്. നേതൃത്വത്തിൽ തൊടുപുഴയിൽ ഓട്ടോറിക്ഷ സ്റ്റാൻ്റുകൾ ഉണ്ടാക്കി സവാരി നടത്തുമെന്ന് മേഖല സെക്രട്ടറി എ.പി.സഞ്ചു പറഞ്ഞു.
മാർച്ചിലും ധർണ്ണയിലും നിരവധിപേർ പങ്കെടുത്തു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡൻറ് സി.രാജേഷ്, യൂണിയൻ ഭാരവാഹികളായ എം.വി.വിജയൻ, ഷാജു ഗോപാലൻ, സി.എം.ശ്രീകുമാരൻ, പി.എസ്.ശ്രീനിവാസൻ, എ.ആർ.ഹരി, എന്നിവർ പ്രസംഗിച്ചു.