ആലുവ പീഡനം; ശിക്ഷാ വിധി ഇന്ന്
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിൻറെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജൂലൈ 28നാണ് ബിഹാർ ദമ്പതികളുടെ മകൾ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കം പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലമിനെ പൊലീസ് പിടികൂടി.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കുടുംബത്തിന് നീതിലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക അന്വേഷകസംഘത്തെയും നിയോഗിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജി മോഹൻരാജിനെ നിയമിച്ച് റെക്കോഡ് വേഗത്തിലായിരുന്നു നടപടികൾ. 35–-ാംദിവസം കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ നാലിന് വിചാരണ തുടങ്ങി. 26 ദിവസംകൊണ്ട് പൂർത്തിയാക്കി.
കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു ആലുവയിലെ അഞ്ചുവയസ്സുകാരിയുടേത്. കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തു. കുട്ടിയുടെ വസ്ത്രം കീറിയെടുത്ത് കുഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
റൂറൽ എസ്.പി വിവേക് കുമാർ, ഡി.വൈ.എസ്.പി പി.പ്രസാദ്, സി.ഐ എം.എം.മഞ്ജുദാസ് എന്നിവരുടെ നേതൃത്വത്തിൽ 16 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതിക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുപുറമേ പോക്സോ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇതിൽ വധശിക്ഷ ലഭിക്കാവുന്ന, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും അഞ്ചുവകുപ്പുകളുണ്ട്.