പരാതി സ്വീകരിക്കാതെ സുരേഷ് ഗോപി വീട്ടമ്മയെ കബളിപ്പിച്ചതായി ആരോപണം
തൃശൂർ: അവിണിശേരി പഞ്ചായത്ത് ബി.ജെ.പി വാർഡ് അംഗം രമണി നന്ദകുമാറിന്റെ ക്രൂരതയ്ക്കെതിരെ നടൻ സുരേഷ് ഗോപിക്കു നൽകിയ പരാതി സ്വീകരിക്കാതെ കബളിപ്പിച്ചതായി വീട്ടമ്മയുടെ ആരോപണം.
തൃശൂർ നടുവിലാൽ ജങ്ഷനിൽ ഞായറാഴ്ച വൈകിട്ട് സംഘടിപ്പിച്ച എസ്.ജി കോഫി ടൈം പരിപാടിക്കിടെയാണ് കോടന്നൂർവഴിയിൽ പള്ളിപ്പുറം പുതുവീട്ടിൽ പി.കെ.അനിലിന്റെ ഭാര്യ ഷാലിക്ക് സുരേഷ് ഗോപിയിൽ നിന്ന് വേദനാജനകമായ അനുഭവം ഉണ്ടായത്.
അവിണിശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വോട്ട് ഉറപ്പാക്കുന്നതിനായി, നിർധനയായ ഷാലിക്കും കുടുംബത്തിനും ബി.ജെ.പിയുടെ വാർഡ് അംഗം രമണി ഇടപെട്ട് വീട് വാടകയ്ക്ക് എടുത്തു നൽകി. ഉപജീവനത്തിനായി വായ്പയെടുത്ത് പെട്ടിഓട്ടോ വാങ്ങി നൽകുകയും ചെയ്തു.
ഷാലിയുടെ കുടുംബം വാഹനത്തിന്റെ വായ്പാതുക കൃത്യമായി അടച്ച് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിനിടെയാണ് ബിജെപി അനുഭാവിയായ അയൽവാസി ഉണ്ണിക്കൃഷ്ണൻ ഷാലിയുടെ മകളോട് മോശമായി പെരുമാറി പോക്സോ കേസിൽ കുടുങ്ങുന്നത്.
ഇതോടെ കേസ് പിൻവലിക്കാൻ രമണി നിരന്തരം ആവശ്യപ്പെട്ടു. അല്ലെങ്കിൽ വാഹനത്തിന്റെ വായ്പ ഉടൻ ക്ലോസ് ചെയ്ത്, വീട് ഒഴിഞ്ഞുപോകണമെന്നായി ഭീഷണി.
മറ്റു നിർവാഹമില്ലാതായതോടെ ഷാലിയും കുടുംബവും വീടൊഴിഞ്ഞു . പണമില്ലാത്തതിനാൽ, ഷാലി സ്വന്തം അവയവം ദാനംചെയ്തതിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ച് 2.48 ലക്ഷം രൂപയുടെ ലോൺ ക്ലോസ് ചെയ്യാൻ പണം സ്വകാര്യ കമ്പനിക്ക് അയച്ചു നൽകി.
തുടർന്ന് ലോൺ ക്ലോസ് ചെയ്തതിന്റെ എൻ.ഒ.സി രമണിയോട് ആവശ്യപ്പെട്ടപ്പോൾ, വീണ്ടും 60,000 രൂപ നൽകണമെന്നായി ആവശ്യം. അല്ലെങ്കിൽ പോക്സോകേസ് പിൻവലിക്കണമെന്നായിരുന്നു രമണിയുടെ ആവശ്യമെന്നും ഷാലി പറഞ്ഞു.
ഇതുസംബന്ധിച്ച് പരാതി നൽകാൻ സമീപിച്ചപ്പോഴാണ് ഇത്തരത്തിലുള്ള പരാതികൾ സ്വീകരിക്കില്ലെന്ന് സുരേഷ് ഗോപി ഷാലിയോട് പറഞ്ഞത്.
നേരത്തേ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷിന് പരാതി നൽകിയപ്പോൾ പ്രാദേശിക നേതാവായ അമൽജിത്തിനെ കാണാൻ ആവശ്യപ്പെട്ടു.
അമലൽജിത്ത് മറ്റൊരു നേതാവായ പാലയ്ക്കൽ മനോജിനെ കാണാനും നിർദേശിച്ചു. പക്ഷേ, ഒന്നും നടന്നില്ല. പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഷാലി.