ഐപിഎല്‍ താരലേലം ;ഏറ്റവും വിലയേറിയ ഏഴ് താരങ്ങളുടെ പട്ടിക പുറത്ത് വന്നു, ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ്മയും പട്ടികയില്‍
ഐപിഎല്‍ താരലേലം ഈ മാസം 20 ന് മടക്കാനിരിക്കെ ഏറ്റവുമധികം താരമൂല്യമുള്ള ഏഴ് താരങ്ങളുടെ പട്ടിക പുറത്ത് വന്നു. ഇന്ത്യന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മ, ഇംഗ്ലീഷ് ഏകദിന ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന്, മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്സണ്,ഇംഗ്ലീഷ് ഓള് റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്,ഓസീസ് പേസര്‍ പാറ്റ് കുമ്മിന്‍സ്, ശ്രീലങ്കന്‍ നായകന് ഏഞ്ചലോ മാത്യൂസ് എന്നിവരുള്‍പ്പെടുന്ന താരനിരയാണ് ലേലത്തില്‍ ഏറ്റവും അധികം അടിസ്ഥാന വിലയുളള താരങ്ങള്‍. രണ്ട് കോടി രൂപയാണ് (ഉദ്ദേശം 298,000 യുഎസ് ഡോളര്‍) ഇവരുടെ അടിസ്ഥാന വില.
ഇന്ത്യയെ ഒരിക്കലെങ്കിലും അന്താരാഷ്ട്ര രംഗത്ത് പ്രതിനിധീകരിച്ചിട്ടുള്ള 24 താരങ്ങളാണ് ലേലത്തിനുളള താരങ്ങളുടെ പട്ടികയിലുള്ളത്. ഇശാന്ത് ശര്‍മയൊഴികെയുള്ള ബാക്കി 23 പേര്‍ക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇടംപിടിച്ചിട്ടില്ല.
അതേസമയം ഇംഗ്ലണ്ടിന്റെ ജോണി ബ്രെയ്ത്രോ, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍, ബ്രാഡ് ഹഡിന്, ദക്ഷിണാഫ്രിക്കയും കെയ്ല്‍ അബോട്ട് വെസ്റ്റിന്‍ഡീസിന്റെ ജാസന്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് ഒന്നരക്കോടി രൂപയാണ് അടിസ്ഥാന വിലയായി നല്‍കിയിരിക്കുന്നത്.
799 താരങ്ങളാണ് ഇപ്രാവശ്യത്തെ ഐപിഎല്‍ ലേലത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 639 ഇന്ത്യന്‍ താരങ്ങളും 160 വിദേശ താരങ്ങളുമാണ്. താര ലേലത്തില്‍ ഒരു ടീമിന് 143.33 കോടി രൂപ പരമാവധി മുടക്കാം. ഓരോ ഫ്രാഞ്ചൈസികള്‍ക്കും ഒമ്പത് വിദേശ കളിക്കാരുള്‍പ്പെടെ 27 കളിക്കാരെ സ്വന്തമാക്കാം.
കിങ്സ് ഇലവന് പഞ്ചാബിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിയുക. 23.35 കോടി രൂപ. 23.1 കോടിയുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണ് തൊട്ടുപുറകില്‍. ചെലവഴിക്കാവുന്ന തുകയുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും പിറകിലാണ്. 11.55 കോടി മാത്രമേ നിത അംബാനിയുടെ ടീമിന് മുടക്കനാകൂ. ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് തൊട്ടുമുന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്(12.825 കോടി). ഐപിഎല്ലിലെ പുതിയ ടീമുകളായ പൂനെ സൂപ്പര്‍ ഗെയിന്റ്സിനും ഗുജറാത്ത് ലയണ്‍സിനും യഥാക്രമം 17.5 കോടിയും 14.35 കോടിയും താരലേലത്തില്‍ മുടക്കാം.
ഒരു ടീമില്‍ 27 കളിക്കാരെങ്കിലും ഉണ്ടാകണമെന്നിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ലേലത്തില്‍ കൂടുതല്‍ കളിക്കാരെ വങ്ങേണ്ടി വരുക. നിലവില്‍ 14 കളിക്കാര്‍ മാത്രമാണ് കൊല്‍ക്കത്തന്‍ ക്യാമ്പിലുള്ളത്. 44 വിദേശതാരങ്ങള്‍ ഉള്‍പ്പെടെ 140 താരങ്ങളെ നിലനിര്‍ത്തിയ എട്ട് ടീമുകള്‍ ഇത്തവണ ടീമിലുണ്ടായിരുന്ന 63 താരങ്ങളെ കയ്യൊഴിഞ്ഞു. ഐപിഎല്‍ നിയമാവലി പ്രകാരം മിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും ക്ലബ്ബുകളുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. അടുത്ത വര്‍ഷം മുതല്‍ സീനിയര്‍ താരങ്ങളടക്കമുള്ളവരെ ഫ്രാഞ്ചൈസികള്‍ ലേലത്തിലൂടെ സ്വന്തമാക്കേണ്ടി വരും.