ഹമാസിനെതിരെയല്ല, എല്ലാ പലസ്തീൻകാർക്കും എതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്; പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി
പാരീസ്: രാജ്യത്തിന് അന്താരാഷ്ട്ര സംരക്ഷണം വേണെന്ന് പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മൊഹമ്മദ് ശ്തയ്യെ പാരീസിൽ നടന്ന ഗാസ സഹായ സമ്മേളനത്തിൽ പറഞ്ഞു.
ഗാസയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം ലംഘിക്കപ്പെട്ടെന്നും യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കാൻ എത്ര പലസ്തീൻകാർ കൊല്ലപ്പെടണം, ഹമാസിനെതിരെയല്ല, എല്ലാ പലസ്തീൻകാർക്കും എതിരെയാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ഞങ്ങൾക്ക് പരിക്കേറ്റവരെ പരിപാലിക്കണം, വൈദ്യുതി, വെള്ളം, മരുന്നുകൾ എന്നിവ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യങ്ങളുടെയും സംഘടനകളുടെയുമായി 80 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ഐക്യരാഷട്ര സംഘടന പ്രതിനിധിയും റെഡ് ക്രസെന്റ് ഉൾപ്പെടെയുള്ള സംഘടനകളും ബഹുഭൂരിപക്ഷം രാജ്യങ്ങളും പങ്കുവച്ചു. വെടിനിർത്തലിനോ ഉപരോധം പിൻവലിക്കലിനോ ഇനിയും കാത്തിരിക്കാനാകില്ലെന്ന് നോർവീജിയൻ അഭയാർഥി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ എഗെലാൻഡ് പറഞ്ഞു.
എന്നാൽ, വെടിനിർത്തണമെന്ന ആവശ്യം ഇസ്രയേൽ തള്ളി. താൽക്കാലിക വിരാമം മതിയെന്ന ആവശ്യം അമേരിക്കയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും ആവർത്തിച്ചു. ഗാസയ്ക്ക് ഏകദേശം 707 കോടി രൂപയുടെ അധിക ധനസഹായം ഫ്രാൻസ് പ്രഖ്യാപിച്ചു.
റഫ ഇടനാഴിയിലൂടെ പരിമിതമായ മാനുഷിക സഹായം മാത്രമേ ഇസ്രയേൽ അനുവദിച്ചിട്ടുള്ളൂവെന്ന് ഈജിപ്ഷ്യൻ വിദേശമന്ത്രി സമേഹ് ഷൗക്രി ഓർമിപ്പിച്ചു.
ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടർമാർ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന് കത്തയച്ചു. 2900 ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഒപ്പിട്ട കത്താണ് അയച്ചത്. ഗാസയിലെ തങ്ങളുടെ സഹപ്രവർത്തകർ തളർന്നിരിക്കുകയാണ്. രോഗികളെ പരിചരിക്കാൻ ആവശ്യമായ മെഡിക്കൽ സാമഗ്രകൾ തീർന്നുവെന്നും കത്തിൽ പറഞ്ഞു.
ഗാസയിൽ അർബുദ ബാധിതരായ കുട്ടികളെ ഏറ്റെടുക്കാനും ചികിത്സിക്കാനും തങ്ങൾ തയ്യാറാണെന്ന് തുർക്കിയ ആരോഗ്യമന്ത്രി ഫഹ്റെറ്റിൻ കോക്ക. ഗാസയിലെ ഏക അർബുദ ആശുപത്രിയുടെ പ്രവർത്തനം നിലച്ചെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രിയോട് ഫോൺസംഭാഷണത്തിൽ കോക്ക ചൂണ്ടിക്കാട്ടി.
നിരപരാധികളായ കുട്ടികളുടെ ചികിത്സ തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ഓർമിപ്പിച്ചു. ഇരകളെ, പ്രത്യേകിച്ച് കുട്ടികളെ ആംബുലൻസുകളിൽ ഈജിപ്തിലേക്കും തുടർന്ന് എയർ ആംബുലൻസിൽ തുർക്കിയയിലേക്കും കൊണ്ടുപോകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസാ മുനമ്പിൽ നടക്കുന്നത് വർണവിവേചനവും വംശഹത്യയുമാണെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകി പലസ്തീൻ സംഘടനകൾ.
അൽ ഹഖ്, അൽ മെസാൻ, പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നീ സംഘടനകളാണ് പരാതി നൽകിയത്. ഗാസയിലെ ഇസ്രയേലിന്റെ നടപടികൾ യുദ്ധക്കുറ്റമാണെന്നും പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രധാന മന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുൾപ്പെടെയുള്ളവർക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഗാസയിൽ അണുബോംബ് വർഷിക്കുമെന്ന ഇസ്രയേൽ മന്ത്രിയുടെ ഭീഷണിയിൽ അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിക്ക് (ഐഎഇഎ) പരാതി നൽകി പലസ്തീൻ.
ഐ.എ.ഇ.എ ഡയറക്ടർ ജനറലിന് പലസ്തീൻ വിദേശമന്ത്രി റിയാദ് അൽ മാലിക്കി കത്തയച്ചു. വൻ ആഘാതശേഷിയുള്ള ആണവായുധം തങ്ങളുടെ പക്കലുണ്ടെന്ന സ്ഥിരീകരണമാണ് ഇസ്രയേലിന്റെ ഭീഷണിയെന്നും മാലിക്കി കത്തിൽ ചൂണ്ടിക്കാട്ടി. ഗാസയിൽ അണുബോംബ് വർഷിക്കുന്നതും ഒരു സാധ്യതയാണെന്നാണ് ഇസ്രയേൽമന്ത്രി അമിഹൈ എലിയാഹു ഒരു അഭിമുഖത്തിൽ പറഞ്ഞത്.