പലസ്തീനെ അനുകൂലിച്ച ഡെമോക്രാറ്റ് എം.പിക്ക് ശാസന
വാഷിങ്ങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏക പലസ്തീൻ വംശജയായ എംപിക്ക് ശാസന. പലസ്തീൻ അനുകൂല നിലപാട് എടുത്തതിനാണ് പ്രതിനിധിസഭയിലെ ഡെമോക്രാറ്റ് അംഗമായ റാഷിദ താലിബിനെതിരെ നടപടി എടുക്കുന്നത്.
അവർക്ക് പരസ്യശാസന നൽകാനുള്ള പ്രമേയം പ്രതിനിധിസഭ 188നെതിരെ 234 വോട്ടിന് അംഗീകരിച്ചു. റിപ്പബ്ലിക്കന്മാർക്കു പുറമെ, ചില ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
ലോകമെങ്ങും പലസ്തീൻ അനുകൂലികൾ ഉയർത്തുന്ന ‘ഫ്രം റിവർ ടു സീ, പലസ്തീൻ വിൽ ബി ഫ്രീ’ (നദി മുതൽ കടൽ വരെ, പലസ്തീൻ സ്വതന്ത്രമാകും) എന്ന മുദ്രാവാക്യം ഉയർത്തിയതിനാണ് റിപ്പബ്ലിക്കന്മാർ നയിക്കുന്ന പ്രതിനിധിസഭയിൽ മിഷിഗൻ എം.പിയായ റാഷിദക്കെതിരെ ശാസന പ്രമേയം കൊണ്ടുവന്നത്.
അവരുടെ മുദ്രാവാക്യം ജൂതവിരുദ്ധവും അമേരിക്കയുടെ ഏറ്റവും വലിയ സുഹൃത്രാഷ്ട്രമായ ഇസ്രയേലിനെതിരെ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമേയം അവതരിപ്പിച്ച റിപ്പബ്ലിക്കനായ ജോർജിയ എം.പി റിച്ച് മക്കോർമിക് പറഞ്ഞു.
എന്നാൽ, പലസ്തീൻകാരുടെ സ്വാതന്ത്ര്യത്തിനായുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നതായി റാഷിദ പറഞ്ഞു. ഉയർത്തിയത് വംശഹത്യാ ആഹ്വാനമല്ല. പലസ്തീൻകാർ ഉപയോഗിച്ച് തള്ളാവുന്ന കേവല വസ്തുക്കളല്ലെന്നും വ്യക്തമാക്കി.
റാഷിദയും അവരെ അനുകൂലിച്ച് സംസാരിച്ച ഡെമോക്രാറ്റ് അംഗങ്ങളും ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അതിന് അമേരിക്ക മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയും ഇവർക്കെതിരായ മറ്റൊരു ശാസനാ പ്രമേയം സഭയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ക്യാപിറ്റോളിലേക്ക് നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിൽ പ്രസംഗിച്ചതിനായിരുന്നു അത്. അവരുടേത് അട്ടിമറി ശ്രമമായിരുന്നു എന്നാരോപിച്ച പ്രമേയം അന്ന് പാസായില്ല.