രാജസ്ഥാനിൽ 17 സീറ്റിൽ സി.പി.ഐ.എം സ്ഥാനാർഥികൾ പത്രിക നൽകി
ജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി.ഐ.എം സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. രണ്ട് സിറ്റിങ് സീറ്റുകളിലടക്കം 17 ഇടത്താണ് സി.പി.ഐ.എം മത്സരിക്കുന്നത്. കൂറ്റൻ പ്രകടനങ്ങളോടെയാണ് വിവിധയിടങ്ങളിൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്.
വൻ ജനപങ്കാളിത്തമാണ് പ്രകടനങ്ങളിൽ കണ്ടത്. സിറ്റിങ്ങ് സീറ്റായ ഹനുമൻഗഢ് ജില്ലയിലെ ഭദ്രയിൽ ബൽവൻ പുനിയയും, മറ്റൊരു സിറ്റിങ് സീറ്റായ ബിക്കാനീറിലെ ദുംഗർഗഢിൽ ഗിർദാരിലാൽ മഹിയയും നാമനിർദേശപത്രിക നൽകി.
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കർ ജില്ലയിലെ ദത്താരംഗഢിൽ ആണ് മത്സരിക്കുന്നത്. നാലുവട്ടം എം.എൽ.എ ആയിട്ടുള്ള അമ്രാ റാം 2008 ൽ ദത്താരംഗഢിൽ ജയിച്ചിരുന്നു.
മറ്റൊരു മുൻ എം.എൽ.എയായ പേമാ റാം സിക്കറിലെ ദോഢിൽ ജനവിധി തേടും. നിലവിൽ സി.പി.ഐ.എമ്മിന് രണ്ട് സീറ്റുണ്ട്. രണ്ടിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത് എത്തിയിരുന്നു. മറ്റ് അഞ്ച് മണ്ഡലങ്ങളിൽ 45000 ത്തിനടുത്ത് വോട്ടുണ്ട്.
സി.പി.ഐ.എം മൽസരിക്കുന്ന മറ്റ് സീറ്റുകളും സ്ഥാനാർത്ഥികളും - ലക്ഷ്മൺഗഢ് - വിജേന്ദ്ര ധാക്ക, സിക്കർ - ഉസ്മാൻ ഖാൻ, ഹനുമാൻഗഢ് - രഘുവീർ വർമ, നോഹർ - മംഗേഷ് ചൗധുരി, റായ്സിങ്ങ് നഗർ - ഷോപ്പത്ത് റാം മെഘ്വാൾ, അനൂപ്ഗഢ് - ശോഭാ സിങ് ധില്ലൺ, ദുംഗർപ്പുർ - ഗൗതം തോമർ, താരാനഗർ - നിർമ്മൽകുമാർ പ്രജാപത്, സർദാർഷഹർ - ഛഗൻലാൽ ചൗധുരി, സാദുൽപ്പുർ - സുനിൽ പുനിയ, ജദൗൾ - പ്രേം പർഗി, ലഡ്നൂ - ഭഗീരഥ് യാദവ്, നവൻ - കാനാറാം ബിജാരനിയ.
സിക്കർ ജില്ലയിൽ നാലും ഹനുമൻഗഢ്, ചുരു ജില്ലകളിൽ മൂന്നുവീതവും ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും ദുംഗർപ്പുർ, ബിക്കാനീർ, ഉദയ്പ്പുർ ജില്ലകളിൽ ഓരോ സീറ്റിലുമാണ് സി.പി.ഐ.എം സ്ഥാനാർത്ഥികൾ.
സി.പി.ഐ.എം മൽസരിക്കാത്ത മണ്ഡലങ്ങളിൽ ബി.ജെ.പിയ്ക്കെതിരായി നിലകൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി അമ്രാ റാം അറിയിച്ചിട്ടുണ്ട്.
ഇന്ത്യാ കൂട്ടായ്മയുടെ അന്തസത്ത ഉൾകൊണ്ട് ബി.ജെ.പിയ്ക്കെതിരെ കൂട്ടായ നിലപാട് സ്വീകരിക്കാൻ രാജസ്ഥാനിൽ കോൺഗ്രസ് വിമുഖത കാട്ടിയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമ്രാ റാം പറഞ്ഞു.
സീറ്റ് ധാരണയ്ക്ക് കോൺഗ്രസ് നേതൃത്വം സന്നദ്ധമായില്ല. സി.പി.ഐ.എമ്മിന് മൂന്ന് സീറ്റ് പരമാവധി നൽകാമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞത്.
ബി.ജെ.പിക്കെതിരെ യോജിച്ച പോരാട്ടത്തിന് കോൺഗ്രസ് സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് 17 സീറ്റിൽ സി.പി.ഐ.എം മൽസരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടി ജനകീയ വിഷയങ്ങൾ സഭയിൽ എത്തിക്കുന്നതിന് പരമാവധി സി.പി.ഐ.എം സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അമ്രാ റാം അഭ്യർത്ഥിച്ചു.