വിചാരണയുടെ ഏത് ഘട്ടത്തിലും ഇലക്ട്രോണിക് തെളിവുകൾ ഹാജരാക്കാം
ന്യൂഡൽഹി: ഇലക്ട്രോണിക് രേഖകൾ സ്ഥാപിക്കാൻ വിചാരണയുടെ ഏത് ഘട്ടത്തിലും ഇന്ത്യൻ തെളിവു നിയമത്തിലെ 65 ബി വകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കാമെന്ന് സുപ്രീംകോടതി.
2008ലെ ബംഗളൂരു സ്ഫോടനക്കേസിൽ തെളിവു നിയമത്തിലെ 65ബി വകുപ്പ് പ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പ്രോസിക്യൂഷനെ അനുവദിക്കാത്ത കർണാടക ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.
65 ബി വകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റ് വിചാരണയുടെ ഏത് ഘട്ടത്തിലും സമർപ്പിക്കാമെന്ന് 2020ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ച് ജസ്റ്റിസുമാരായ വിക്രംനാഥ്, രാജേഷ്ഭിണ്ടൽ എന്നിവർ അംഗങ്ങളായ ബെഞ്ച് ഹൈക്കോടതി ഉത്തരവ് തള്ളി.
ഇലക്ട്രോണിക് രേഖകൾ പ്രധാനതെളിവായി കണക്കാക്കുന്ന കേസുകളിൽ 65ബി വകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതില്ലെന്ന മുൻ ഉത്തരവും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണഉദ്യോഗസ്ഥർ പ്രതിയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പുകൾ, ഹാർഡ്ഡിസ്ക്ക്, പെൻഡ്രൈവ്, ഫ്ലോപ്പിഡിസ്ക്കുകൾ, മൊബൈൽ സിംകാർഡുകൾ, മെമ്മറികാർഡ്, ഡിജിറ്റൽ ക്യാമറകൾ തുടങ്ങിയവ സെൻട്രൽ ഫോറൻസിക് ലാബിന്(സി.എസ്.എഫ്.എൽ) അയച്ചു കൊടുത്തിരുന്നു.
2010ന് ശേഷം സി.എസ്.എഫ്.എൽ റിപ്പോർട്ട് കൈമാറി. 2017ൽ വിചാരണക്കോടതി 65ബി വകുപ്പ് പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ റിപ്പോർട്ട് സ്വീകരിച്ചില്ല.
ഹൈക്കോടതി പിന്നീട് വിചാരണക്കോടതി നിലപാട് ശരിവെച്ചു. ഇതിനെതിരായ ഹർജിയിലാണ് സുപ്രീംകോടതി 65 ബി പ്രകാരമുള്ള സർട്ടിഫിക്കറ്റ് വിചാരണയുടെ ഏത് ഘട്ടത്തിലും സമർപ്പിക്കാമെന്ന് ഉത്തരവിട്ടത്.