ഇസ്രയേൽ സൈന്യം ആക്രമണം രൂക്ഷമാക്കി
ഖാൻ യൂനിസ്: ഗാസ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം നാലുപാടും ആക്രമണം രൂക്ഷമാക്കി. 24 മണിക്കൂറിൽ 214 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ഇതോടെ രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധത്തിൽ ആകെ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ എണ്ണം 10,569 ആയി. 70 ശതമാനം ജനങ്ങളും അഭയാർഥികളായി.
ഇസ്രയേൽ ദിവസേന പ്രഖ്യാപിക്കുന്ന നാലുമണിക്കൂർ വെടിനിർത്തലിൽ കൂടുതൽ ആളുകൾ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയാണ്.
നഗരഹൃദയത്തിലുള്ള ഹമാസ് തുരങ്കങ്ങൾ പൂർണമായും തകർക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു.
എന്നാൽ, നഗരത്തിൽ ഇസ്രയേൽ സൈന്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്ന് ഹമാസ് അവകാശപ്പെട്ടു. ഇസ്രയേലുമായി 1948ലുണ്ടായ യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാർ താമസിക്കുന്ന ഷാതി അഭയാർഥി ക്യാമ്പ് ഉൾപ്പെടെ നിരവധിയിടങ്ങളിൽ ഇസ്രയേൽ ബുധനാഴ്ച ബോംബാക്രമണം നടത്തി.
ഗാസയിലേക്ക് ജീവൻരക്ഷാ മരുന്നുകളുമായിവന്ന അന്താരാഷ്ട്ര റെഡ്ക്രോസ് ട്രക്കുകൾക്കുനേരെയും മിസൈൽ ആക്രമണമുണ്ടായി. അൽ ഖുദ്സ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന അഞ്ച് ട്രക്കുകളുടെ വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.
ഇവയെ പിന്നീട് അൽഷിഫ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. തുടർ ആക്രമണങ്ങൾക്ക് പിന്നാലെ അൽ ഖുദ്സ് ആശുപത്രിയിലേക്കുള്ള വഴികളെല്ലാം അടച്ചു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് 100 മീറ്റർ അകലെയുള്ള മോസ്കും ബോംബിട്ട് തകർത്തു. പ്രദേശത്തെ ഏറ്റവും വലിയ ആരാധനാലയമാണിത്.
സമീപം അവശേഷിക്കുന്ന ഏക ബേക്കറിയിൽ ആളുകൾ ബ്രെഡ് വാങ്ങാൻ വരിനിൽക്കെയാണ് മുന്നറിയിപ്പില്ലാതെ ബോംബിട്ടത്. വടക്കൻ ഗാസയിലെ ഷെയ്ഖ് ഹമദ് ആശുപത്രിയും ആക്രമിക്കപ്പെട്ടു.
ആശുപത്രിക്കടിയിൽ ഹമാസിന്റെ തുരങ്കമുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. എന്നാൽ, അങ്ങനെയൊരു തുരങ്കമില്ലെന്ന് പിന്നീട് അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.