ഗവർണർമാർ പുതിയ അവതാരങ്ങളായി മാറുകയാണ്; തോമസ് ഐസക്ക്
പത്തനംതിട്ട: ഗവർണർമാർ പുതിയ അവതാരങ്ങളായി മാറുകയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക്. ഗവർണർമാർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സർക്കാരുമായി ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്.
അല്ലാതെ പരസ്യപ്രസ്താവന നടത്തുകയല്ല. ഇത് സംബന്ധിച്ച സുപ്രീം കോടതി കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഓരോരുത്തർ അവർ ഇരിക്കുന്ന സ്ഥാനത്തിന്റെ ഔചിത്യം പാലിക്കണം.
അത് പാലിക്കാത്തതിന്റെ പ്രശ്നമാണ് ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത്- പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തോമസ് ഐസക്ക്.
കേരളീയ മടക്കമുള്ള പരിപാടികൾ ഒരുവിധത്തിലും ധൂർത്തല്ല. സംസ്ഥാനത്തെ മറ്റു രാജ്യങ്ങളുടെ മുന്നിൽ നമുക്ക് അവതരിപ്പിക്കാൻ പറ്റുന്ന നല്ല സംവിധാനങ്ങളിലൊന്നാണ്. അത്തരത്തിൽ വേണം ഇതിനെ കാണാൻ.
കേരളത്തിന്റെ ടൂറിസം വികസനത്തിനും വ്യവസായ മേഖലയ്ക്കും വിദ്യാഭ്യാസ രംഗത്തിനും ഇത്തരം മേളകൾ ഏറെ ഗുണം ചെയ്യും. പണ്ട് ബിനാലേയ്ക്ക് വേണ്ടി കോടികൾ മാറ്റിവച്ചപ്പോൾ ഒരു വിഭാഗം വിമർശനമുയർത്തി.
പക്ഷേ കേരളത്തിന്റെ അഭിമാന പദ്ധതിയായി ബിനാലെ ഇന്ന് മാറി. ബിനാലെ നടക്കുന്ന സന്ദർഭങ്ങളിൽ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.
കേരളത്തെ ഏതു വിധത്തിലും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വികസന പദ്ധതികൾ നല്ല രീതിയിൽ നടത്തുന്നുണ്ട് സംസ്ഥാന സർക്കാർ. യുഡിഎഫ് ഭരണകാലത്ത് മാസങ്ങളോളം കുടിശ്ശികയായിരുന്നു ക്ഷേമ പെൻഷനുകൾ.
ഇടതുപക്ഷം അധികാരത്തിലേറുമ്പോൾ ആയിരം രൂപയായിരുന്ന ക്ഷേമപെൻഷൻ. ഇന്ന് 1600 രൂപയായി. ആരും ആവശ്യപ്പെട്ടിട്ടല്ല ഇത് ഉയർത്തിയത്. സാധാരണക്കാരുടെ പ്രയാസങ്ങൾ അറിഞ്ഞു സർക്കാർ തന്നെയാണ് പെൻഷൻ ഉയർത്തിയത്.
വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതും സമൂഹത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പൊതുവേ ജനങ്ങളിൽ മതിപ്പുകൂട്ടുന്നു എന്നറിഞ്ഞിട്ടാണ് സാമ്പത്തികമായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് ഞങ്ങൾ ജനങ്ങളോട് പറയും.
2021 22 കാലത്ത് 43,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചെങ്കിൽ പിന്നീട് 23,000 കോടിയായി ചുരുക്കി. ഇത്തരത്തിൽ ഏതുവിധത്തിലും സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കണമെന്ന ചിന്താഗതിയോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ഈ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇത് രാഷ്ട്രീയമാണ്. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക തന്നെ ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.