ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിസോറമിൽ 40 മണ്ഡലങ്ങളിലായി 174 സ്ഥാനാർത്ഥികൾ ജനവിധി തേടുമ്പോൾ ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിൽ 223 പേർ മൽസരരംഗത്തുണ്ട്.
മിസോറമിൽ 8.57 ലക്ഷം വോട്ടർമാർക്കായി 1276 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. ഛത്തിസ്ഗഢിൽ ആദ്യ ഘട്ടത്തിൽ 40.78 ലക്ഷം വോട്ടർമാരാണുള്ളത്. ഇവർക്കായി 5304 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.
മിസോറമിൽ പകൽ ഏഴ് മുതൽ നാല് വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് 149 വിദൂര ബൂത്തുകളുണ്ട്. അന്താരാഷ്ട്ര അതിർത്തിയിലും സംസ്ഥാന അതിർത്തിയിലുമായി മുപ്പത് പോളിങ് ബൂത്തുകളുണ്ട്.
മ്യാൻമാറുമായി 510 കിലോമീറ്ററും ബംഗ്ലാദേശുമായി 318 കിലോമീറ്ററും മിസോറം അതിർത്തി പങ്കുവെയ്ക്കുന്നുണ്ട്. മ്യാൻമാർ അതിർത്തിയുടെ സുരക്ഷാചുമതല അസം റൈഫിൾസിനും ബംഗ്ലാദേശ് അതിർത്തിയുടെ സുരക്ഷാചുമതല ബിഎസ്എഫിനുമാണ്.
തെരഞ്ഞെടുപ്പ് മുൻനിർത്തി അതിർത്തികൾ പൂർണമായി അടച്ചു. അസം, ത്രിപുര, മണിപ്പുർ എന്നീ സംസ്ഥാനങ്ങളുമായുള്ള അതിർത്തികളും അടച്ചിട്ടുണ്ട്.
ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും മുഖ്യപ്രതിപക്ഷമായ സോറാം പിപ്പീൾസ് മൂവ്മെന്റും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ. ഈ രണ്ട് പാർടികളും നാൽപ്പത് സീറ്റിൽ വീതം മൽസരിക്കുന്നു.
കോൺഗ്രസും നാൽപ്പത് സീറ്റിൽ മൽസരരംഗത്തുണ്ട്. മണിപ്പുർ സംഭവവികാസങ്ങൾ തിരിച്ചടിയായതിനാൽ ബിജെപിക്ക് മിസോറമിൽ കാര്യമായ പ്രതീക്ഷയില്ല.
ഛത്തിസ്ഗഢിൽ ബൂത്തിലേക്ക് നീങ്ങുന്ന 20 മണ്ഡലങ്ങളിൽ 12 എണ്ണം നക്സൽ ബാധിത ബസ്തർ മേഖലയിലാണ്. ഇതിൽ ഒമ്പത് സീറ്റിൽ ഏഴ് മുതൽ മൂന്ന് വരെയും മൂന്ന് സീറ്റിൽ എട്ട് മുതൽ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്.
പ്രശ്നബാധിതമായ അറുന്നൂറ് ബൂത്തിൽ ത്രിതല സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്. ഉൾപ്രദേശങ്ങളിലായുള്ള 156 ബൂത്തിൽ ഹെലികോപ്ടറിലാണ് പോളിങ് ഉദ്യോഗസ്ഥരെയും പോളിങ് സാമഗ്രികളും എത്തിച്ചത്.
149 ബൂത്തുകൾ സുരക്ഷാകാരണങ്ങളാൽ പൊലീസ് സ്റ്റേഷനിലേയ്ക്കോ അർദ്ധസേനാ ക്യാമ്പിലേയ്ക്കോ മാറ്റി. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ നക്സലുകൾ ആഹ്വാനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവിനെ നാരായൺപ്പുരിൽ നക്സലുകൾ കൊലപ്പെടുത്തിയിരുന്നു.