ഗാസാ മുനമ്പിൽ വൻ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ സൈന്യം
ഗാസ സിറ്റി: പലസ്തീനുമേലുള്ള ഇസ്രയേലിന്റെ രക്തച്ചൊരിച്ചിലിന് ഒരു മാസം തികയവേ ഗാസാ മുനമ്പിൽ അങ്ങോളമിങ്ങോളം അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ സൈന്യം.
ഞായർ രാത്രി ഗാസാ മുനമ്പിൽ 450 ഇടങ്ങളിലാണ് ഫൈറ്റർ ജെറ്റുകളിലെത്തി ബോംബാക്രമണം നടത്തിയത്. 200 പേർ മരിച്ചു. ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ പൂർണമായും വിച്ഛേദിച്ച ശേഷമായിരുന്നു വ്യാപക ആക്രമണം.
ആംബുലൻസ് വിളിക്കാൻ മാർഗമില്ലാതായതോടെ നിസ്സഹായരായ ജനങ്ങൾ ഉറ്റവരെ ചുമന്നും കഴുതപ്പുറത്തേറ്റിയുമാണ് ഗുരുതര പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ മൃതദേഹങ്ങൾകൊണ്ട് നിറഞ്ഞു.
ഗാസ സിറ്റിയെ പൂർണമായും വളഞ്ഞ് നടത്തിയ ആക്രമണത്തിൽ മുനമ്പിനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
വടക്ക് പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ അധികവും. ഗാസാ മുനമ്പ് ഇനിമുതൽ ഒറ്റ മേഖലയല്ലെന്നും തെക്കൻ, വടക്കൻ ഗാസകളാക്കി മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
വടക്കുപടിഞ്ഞാറൻ ഗാസയിലെ ബീച്ച് ക്യാമ്പടക്കം വിവിധ അഭയാർഥി ക്യാമ്പുകളും തകർത്തു. ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ഈസ്റ്റ് ജറുസലേമിൽ കഴിഞ്ഞ ദിവസം അദ്ദേഹം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉടൻ വെടിനിർത്തണമെന്ന് വിവിധ രാജ്യങ്ങളും യുഎന്നടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.
എന്നാൽ ഹമാസ് ബന്ദികളെ വിട്ടയക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. യുദ്ധത്തിൽ ഇതുവരെ 4880 കുട്ടികളും 2509 സ്ത്രീകളുമടക്കം 10022 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 250 കുട്ടികളടക്കം 2200 പേരെ കാണാതായി.