മഹുവ മൊയ്ത്രക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി എത്തിക്സ് കമ്മിറ്റി
ന്യൂഡൽഹി: കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചുവെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി എത്തിക്സ് കമ്മിറ്റി.
മഹുവയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ശുപാർശ നൽകുമെന്ന് സൂചന. എം.പിക്കെതിരായ നടപടികൾ ചർച്ച ചെയ്യാൻ എത്തിക്സ് കമ്മിറ്റി ഈ മാസം ഒന്പതിന് യോഗം ചേരും. വനിതാ എം.പിമാരെ പുറത്താക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു.
നവംബർ രണ്ടാം തീയതി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ മഹുവ മൊയ്ത്ര ഹാജരായിരുന്നു. എത്തിക്സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങള് ചോദിച്ചുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കോഴ ആരോപണം തെളിഞ്ഞാൽ പാർലമെന്റിൽ നിന്ന് മഹുവ പുറത്താക്കപ്പെടാനാണ് സാധ്യത.
വ്യവസായി ഗൗതം അദാനിക്കെതിരെ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.
ദുബെ ആദ്യം ലോക്സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിച്ചു. പിന്നാലെ പാർലമെന്റ് ലോഗിനും പാസ്വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദർശൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു.
എന്നാൽ പണമൊന്നും വാങ്ങിയിട്ടില്ലെന്നും മഹുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോഗിനും പാസ്വേഡുകളും ദർശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ലോഗിൻ നൽകിയിട്ടുണ്ട്.
ഒരു ഒ.റ്റി.പി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരൂയെന്നും മഹുവ പറഞ്ഞു. താൻ ഒ.റ്റി.പി നൽകുമ്പോൾ മാത്രമേ ചോദ്യങ്ങൾ സമർപ്പിക്കുകയുള്ളൂ.
താനറിയാതെ ഒരു ചോദ്യവും അതിൽ വരില്ല. ദർശൻ തന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് സ്വന്തം ചോദ്യങ്ങൾ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.