രവി പ്രകാശ് വർമ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്
ലഖ്നൗ: സമാജ്വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും നാല് തവണ എം.പിയുമായ രവി പ്രകാശ് വർമ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം അഖിലേഷ് യാദവിന് തിരിച്ചടിയായി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരായ് ബെൽറ്റിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ രവി പ്രകാശ് വർമയുടെ വരവ് സഹായിക്കുമെന്നാണ് വിലയിരുത്തൽ. നവംബർ 6ന് അദ്ദേഹം പാർട്ടിയിൽ ചേരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചു.
പാർട്ടിയുടെ പ്രതികൂല അന്തരീക്ഷം കാരണം പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് അയച്ച കത്തിൽ രവി പ്രകാശ് പറഞ്ഞു.
ഖേരിയിൽ വെച്ച് അദ്ദേഹം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയായിരുന്നു. കോൺഗ്രസിൽ ചേരുകയല്ലെന്നും തിരിച്ചുപോവുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ കുടുംബം രാഷ്ട്രീയം ആരംഭിച്ചത് കോൺഗ്രസിലൂടെയാണെന്നും തന്റെ പിതാവ് പലതവണ പാർട്ടിയുടെ എം.പിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാർട്ടി മുലായം സിങ്ങിന്റെ പാതയിൽനിന്ന് വ്യതിചലിച്ചിരിക്കുകയാണെന്നും രവി പ്രകാശ് വർമ ആരോപിച്ചു. കോൺഗ്രസിൽ ചേർന്നെങ്കിലും താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും മകൾ ഡോ. പൂർവി വർമയ്ക്ക് അവസരം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുർമി വിഭാഗത്തിൽനിന്നുള്ള ഏറെ സ്വാധീനമുള്ള നേതാവാണ് രവി പ്രകാശ് വർമ. ലഖിംപൂരിൽനിന്ന് മൂന്നുതവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2014 മുതൽ 2020 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. ഈ വർഷം ജനുവരിയിലാണ് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.