കോൺഗ്രസിനെക്കാൾ വലിയ പാർട്ടി മുസ്ലിം ലീഗ്; ഇ.പി.ജയരാജൻ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെക്കാൾ വലിയ പാർട്ടി മുസ്ലിം ലീഗെന്ന് സി.പി.ഐ.എം നേതാവ് ഇ.പി.ജയരാജൻ പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം അവസാന വാക്കാണെന്ന് കരുതുന്നില്ല. ഇത്തരമൊരു വിഷയത്തിൽ ലീഗിന് പൂർണമായും മാറിനിൽക്കാൻ ആകില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
റാലി നടത്തി ലീഗ് നിലപാട് വ്യക്തമാക്കിയതിനല്ല സി.പി.ഐ.എം ക്ഷണിച്ചത്. ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ ഇസ്രയേലിന് വേണ്ടി വാദിച്ചു.
ലീഗ് റാലിയുടെ ശോഭ കെടുത്തിയവർ ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകും. സി.പി.ഐ.എം റാലിയിൽ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നിൽ കോൺഗ്രസ്സ് ആണ്.
അത് കോൺഗ്രസിന് നഷ്ടമുണ്ടാക്കും. സംസ്ഥാനത്ത് കോൺഗ്രസിനെക്കാൾ സ്വാധീനം മുസ്ലിം ലീഗിന് ആണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരുപാട് സീറ്റ് ലഭിക്കും.
കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ ഒറ്റ സീറ്റും കിട്ടില്ല. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള സി.പി.ഐ.എം ക്ഷണം ലീഗ് നേതൃത്വം തള്ളി എന്നാണ് വിവരം.
മുസ്ലിം ലീഗിന്റെ നിർണായക യോഗം ഇന്ന് കോഴിക്കോട് ചേരുകയാണ്. റാലിയിൽ പങ്കെടുക്കണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുമ്പോൾ എതിർക്കുകയാണ് മറ്റൊരു വിഭാഗം.
കോൺഗ്രസിന്റെ നിലപാടിനെതിരെ പ്രവർത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് സൂചന. കോഴിക്കോട്ടെ നിർണായക യോഗത്തിനു മുന്നോടിയായി പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കെ.പി.എ.മജീദ്, എം.കെ.മുനീർ, കെ.എം.ഷാജി എന്നിവർ ലീഗ് റാലിയിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.