സി.പി.ഐ.എമ്മിന്റെ ക്ഷണം നിരസിച്ചു, ലീഗ് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ല
കോഴിക്കോട്: സി.പി.ഐ.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. സി.പി.ഐ.എം ക്ഷണം ലീഗ് നേതൃത്വം തള്ളി. മുസ്ലിംലീഗിന്റെ നിർണായക യോഗം ഇന്ന് കോഴിക്കോട് ചേരുകയാണ്.
റാലിയിൽ പങ്കെടുക്കണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുമ്പോൾ എതിർക്കുകയാണ് മറ്റൊരു വിഭാഗം. കോൺഗ്രസിന്റെ നിലപാടിനെതിരെ പ്രവർത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം.
കോഴിക്കോട്ടെ നിർണായക യോഗത്തിനു മുന്നോടിയായി പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കെ.പി.എ.മജീദ്, എം.കെ.മുനീർ, കെ.എം.ഷാജി എന്നിവർ ലീഗ് റാലിയിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.
റാലിയിൽ പങ്കെടുക്കണമെന്നാണ് അഭിപ്രായമെന്ന് ലീഗ് നേതാവ് ഇ.റ്റി.മുഹമ്മദ് ബഷീർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇ ടി മുഹമ്മദ് ബഷീർ. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്.
പാർട്ടി അതിനുമുകളിൽ തീരുമാനമെടുത്താൽ വിധേയനാകും. പറഞ്ഞതിനെക്കുറിച്ച് പലരീതിയിൽ വ്യാഖ്യാനിക്കാനാണ് ശ്രമം. രാഷ്ട്രീയമായ മാറ്റത്തെക്കുറിച്ച് ലീഗ് സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ലെന്നും ഇ.റ്റി.മുഹമ്മദ് ബഷീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീറിന്റെ അഭിപ്രായം വലിയ ചർച്ചയായിരുന്നു. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സി.പി.ഐ.എം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്നാണ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കും.
എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പാർട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാൽ പരിപാടിയിൽ ലീഗിന് പങ്കെടുക്കാവുന്നതാണ്.
പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇ.റ്റി.മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതിനെ സി.പി.ഐ.എം നേതാക്കൾ സ്വാഗതം ചെയ്യുകയും ലീഗിനെ ക്ഷണിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കുകയും ചെയ്തു.
മുസ്ലീം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നുവെന്ന് സി.പി.ഐ.എം നേതാവ് എ.കെ.ബാലൻ പ്രതികരിച്ചിരുന്നു. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ലീഗ് ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. ഗോവിന്ദൻ മാഷിനുള്ള പിന്തുണയിലും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണെന്നും എ.കെ.ബാലന് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ റാലിയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപരമായി കോട്ടമുണ്ടാക്കുമെന്ന തിരിച്ചറിവാണ് ലീഗ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സി.പി.ഐ.എം റാലിയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപരമായ തെറ്റിദ്ധാരണയ്ക്ക് വഴിവെക്കും. കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്നുള്ള നീക്കം ഭാവിയിൽ വലിയ ദോഷമാകുമെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നു.