സുധാകരൻ മാന്യത കാണിക്കേണ്ടിയിരുന്നുവെന്ന് സലാം പാണക്കാട്ട്
മലപ്പുറം: മൃഗങ്ങളുടെ കാര്യത്തിൽ മുസ്ലിംലീഗ് ഇടപെടുന്നില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ‘പട്ടി’ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സലാം. സുധാകരൻ മാന്യത കാണിക്കേണ്ടിയിരുന്നുവെന്ന് സലാം പാണക്കാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മനുഷ്യനാണെങ്കിൽ, പ്രത്യേകിച്ച് ഉന്നതസ്ഥാനത്തിരിക്കുന്നവർ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. ഇത് കുറേത്തവണ ഞങ്ങൾ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനൊരു വാക്ക് ഉപയോഗിച്ചത് എന്നത് കോൺഗ്രസ്, യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്ന് പി.എം.എ സലാം വ്യക്തമാക്കി.
പലസ്തീനിലേത് മനുഷ്യാവകാശ വിഷയമാണ്. ഏതെങ്കിലും സമുദായത്തിന്റെ കാര്യമല്ല. ഏക സിവിൽകോഡ് വിഷയത്തിൽ സിപിഐ എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അന്നത്തെ സാഹചര്യമല്ല ഇപ്പോൾ എന്നായിരുന്നു സലാമിന്റെ മറുപടി.
സിപിഐ എം റാലിയിൽ മുസ്ലിംലീഗ് പങ്കെടുക്കുമോ എന്നത് ശനി ഉച്ചയ്ക്കുശേഷം കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിക്കും. നേതാക്കൾ ഫോണിൽ ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ട്. ഔദ്യോഗിക തീരുമാനമെടുക്കാനാണ് കോഴിക്കോട്ടെ യോഗം.
പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ കോൺഗ്രസ് വിപുലമായ പരിപാടി സംഘടിപ്പിക്കാത്തത് എന്തുകൊണ്ട് എന്നത് അവരോട് ചോദിക്കണം. സിപിഐ എം പരിപാടിയിൽ ലീഗ് പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നത് യുഡിഎഫിൽ ചർച്ചചെയ്യേണ്ടതില്ലെന്നും പി എം എ സലാം പറഞ്ഞു.
കോഴിക്കോട്ട് സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സംഗമത്തിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയാണ് കെ.സുധാകരനെ പ്രകോപിപ്പിച്ചത്. ‘അടുത്ത ജന്മം പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കണോ’ എന്നായിരുന്നു ഇതിനുള്ള സുധാകരന്റെ മറുചോദ്യം.
പലസ്തീൻ റാലിയിൽ മുസ്ലിംലീഗ് പങ്കെടുക്കുന്നത് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി പറഞ്ഞ പട്ടി പരാമർശത്തിൽ മലക്കംമറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും മാധ്യമങ്ങൾ സിപിഐ എമ്മിനെ സഹായിച്ചുവെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിംലീഗ് നേതാവ് പി എം എ സലാമിന്റെ രൂക്ഷമായ പ്രതികരണം വന്നതോടെയാണ് മലക്കംമറിച്ചിൽ.
സിപിഐ എമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താൻ ചില കൂലി എഴുത്തുകാരും സിപിഐ എമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്ന വിവാദമെന്ന് സുധാകരൻ പറഞ്ഞു.
സാങ്കൽപ്പിക സാഹചര്യം മുൻനിർത്തിയുള്ള ചോദ്യത്തിനാണ് അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഈ ജന്മത്തിൽ കുരയ്ക്കണമോയെന്ന് തമാശ രൂപേണ പ്രതികരിച്ചത്. കോൺഗ്രസിനെയും ലീഗിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു.
മുസ്ലിംലീഗ് യുഡിഎഫിലെ കക്ഷിയാണെന്ന കാര്യം കെ.സുധാകരൻ ഓർമിപ്പിക്കേണ്ടെന്ന് എം കെ മുനീർ എംഎൽഎ. സിപിഐ എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നത് മുസ്ലിംലീഗ് ആലോചിച്ച് തീരുമാനിക്കുമെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു. റാലിയിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചുള്ള അഭിപ്രായം പാർടിക്കുള്ളിൽ പറയുമെന്നും പാർടി നേതൃത്വം കാര്യങ്ങൾ വ്യക്തമാക്കുമെന്നും മുനീർ പറഞ്ഞു.