കുസാറ്റിൽ ആദ്യ സ്റ്റാർട്ടപ്പിന് ധാരണപത്രം ഒപ്പിട്ടു
കളമശേരി: കുസാറ്റിൽ അധ്യാപകർ ചേർന്ന് നടത്തുന്ന ആദ്യ സ്റ്റാർട്ടപ്പിന് ധാരണപത്രം ഒപ്പിട്ടു. വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ ധാരണപത്രം ഡോ. എസ്.വൃന്ദയ്ക്ക് കൈമാറി.
അക്വാകൾച്ചർ ഫാമുകളിൽ മാലിന്യസംസ്കരണത്തിനും രോഗനിയന്ത്രണത്തിനും ഉപയോഗിക്കാവുന്ന പ്രോബയോട്ടിക് വികസിപ്പിക്കുന്നതാണ് സംരംഭം. കുസാറ്റ് സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്.വൃന്ദയും രണ്ട് പൂർവവിദ്യാർഥികളും ചേർന്ന് എംസോറിട്ട എൽ.എൽ.പി/Zന്ന പേരിലാണ് പ്രോബയോട്ടിക് വികസിപ്പിക്കുന്നത്.
കുസാറ്റ് പൂർവവിദ്യാർഥികളായ ഡോ. സി.ജാസ്മിൻ, കെ.എസ്.അഭിലാഷ് എന്നിവരാണ് പ്രോജക്ട് പങ്കാളികൾ. എൻഫൈസ് ലൈഫ്സയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് ഡോ. ജാസ്മിൻ. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യങ് പ്രൊഫഷണലാണ് അഭിലാഷ്.
മത്സ്യഫാമുകളിൽ ജൈവമാലിന്യ സംസ്കരണം, രോഗനിയന്ത്രണം, മത്സ്യവളർച്ച മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സൂക്ഷ്മജീവികളെ ഉപയോഗിച്ചുള്ള പരിഹാരമാണ് എൽ.എൽ.പി മുന്നോട്ടു വയ്ക്കുന്നത്. കുസാറ്റ് ഫാക്കൽറ്റി സ്റ്റാർട്ടപ് ആൻഡ് എൻട്രപ്രണർഷിപ് പ്രോഗ്രാമിനുകീഴിലാണ് പ്രോജക്ട്.
സംരംഭത്തിൽ അധ്യാപികയ്ക്ക് ജോലിസമയത്തിന്റെ 20 ശതമാനംവരെ സ്റ്റാർട്ടപ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാം. ഫാക്കൽറ്റിയുടെ പങ്കാളിത്തത്തെക്കുറിച്ചും ഫാക്കൽറ്റിയുടെയും കുസാടെക് ഫൗണ്ടേഷന്റെയും ഉടമസ്ഥാവകാശത്തെക്കുറിച്ചുമുള്ള ധാരണപത്രമാണ് ഒപ്പിട്ടത്.
അധ്യാപികയ്ക്ക് ലഭിക്കുന്ന തുകയുടെ 20 ശതമാനം കുസാടെക് ഫൗണ്ടേഷന് നൽകണം. ഇതോടെ ഫാക്കൽറ്റി ഉടമസ്ഥതയിലുള്ള എംസോറിട്ട എൽ.എൽ.പിയിൽ കുസാടെക് ഫൗണ്ടേഷൻ സഹ ഉടമയാകും.
ധാരണപത്രം കൈമാറുന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. വി.മീര, കുസാടെക് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എൻ.മനോജ്, പബ്ലിക് റിലേഷൻസ് ഓഫീസർ വന്ദന മോഹൻദാസ് എന്നിവർ പങ്കെടുത്തു.