തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാനെന്ന പേരിൽ ഏലപ്പാറയിൽ തോട്ടം ഭൂമി മറിച്ച് വിൽക്കുന്നതായി ആരോപണം
ഇടുക്കി: ഏലപ്പാറയിൽ തോട്ടം ഭൂമി വ്യാപകമായി മറിച്ച് വിൽക്കുന്നതായി റിപ്പോർട്ട്. വിൽപ്പന നടത്തുന്നത് തോട്ടം തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാനെന്ന പേരിൽ.
മറിച്ച് വിൽപ്പന നടത്തിയെന്ന് തെളിയിക്കുന്ന നിയമസഭാ സമതിയുടെ മറുപടി കത്ത് റിപ്പോർട്ടറിന് ലഭിച്ചു. മറിച്ച് വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പീരുമേട് സ്വദേശി സി.സന്തോഷ് കുമാർ നൽകിയ പരാതിക്ക് നൽകിയ മറുപടിയിലാണ് ഏലപ്പാറയിൽ നാല് ഏക്കർ മറിച്ച് വിറ്റതായി വ്യക്തമാക്കുന്നത്.
തോട്ടം ഭൂമി മറിച്ച് വിൽക്കാൻ പാടില്ലെന്ന നിയമം കാറ്റിൽ പറത്തിയാണ് ഏലപ്പാറ മേഖലയിൽ വ്യാപകമായി ഭൂമി മറിച്ച് വിൽക്കുന്നത്. തോട്ടം തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാനെന്ന പേരിൽ അഞ്ചേക്കർ വിൽപ്പന നടത്താൻ മുമ്പ് കളക്ട്രേറ്റിൽ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തിൻ്റെ മറവിൽ കോടതി ഉത്തരവുകൾ സമ്പാദിച്ച് അഞ്ചേക്കർ വിൽപ്പന നടത്തും. പിന്നീട് ഇത് പലർക്കായി പ്ലോട്ട് തിരിച്ച് മറിച്ച് വിൽക്കും.
ഏലപ്പാറ വില്ലേജിൽ 10/ 1-2 - 3 സർവ്വേ നമ്പരുകളിൽ മറിച്ച് വിറ്റ ബഥേൽ എസ്റ്റേറ്റിൻ്റെ ഭാഗമായ നാല് ഏക്കർ അഞ്ച് സെൻറ് തോട്ടഭൂമിയിൽ വീട് വയ്ക്കാൻ അനുമതി തേടിയ 12 അപേക്ഷകൾക്കും അനുമതി നിഷേധിച്ചതായി നിയമസഭാ സമിതിയുടെ മറുപടി കത്തിൽ വ്യക്തമാക്കുന്നു.
ബോണാമി എസ്റ്റേറ്റ്, എം എം ജെ പ്ലാൻ്റേഷൻ, നീലഗിരി ടി എസ്റ്റേറ്റ് എന്നിവടങ്ങളിലെ മാനേജർമാർക്ക് തോട്ടം മറിച്ച് വിൽക്കാൻ പാടില്ലെന്ന് കാണിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും നിയമസഭാ സമതിയുടെ കത്തിൽ പറയുന്നുണ്ട്.
എന്നാൽ പണവും ഉന്നത രാഷ്ട്രീയ സ്വാധീനവുമുള്ള ഭൂ മാഫിയായുടെ ഇടപെടലിൽ മറിച്ച് വിൽപ്പന തകൃതിയായി നടക്കുകയാണ്. തോട്ടം തൊഴിലാളികളുടെ പേരിലാണ് തോട്ടം മറിച്ച് വിൽപ്പനയെങ്കിലും ഒരു രൂപ പോലും തൊഴിലാളികൾക്ക് നൽകിയിട്ടില്ല. വാഗമൺ അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം സാധ്യത മുന്നിൽ കണ്ടാണ് ഏലപ്പാറ വാഗമൺ തോട്ടം മേഖലയിൽ ഭൂ മാഫിയ പിടിമുറുക്കുന്നത്.