ഇന്ന് അറുപത്തിയേഴാം പിറന്നാള്‍, കേരളീയം 2023 ആഘോഷം തുടങ്ങി
തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം.
ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
വെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കേരളപ്പിറവി സംസ്ഥാന സര്‍ക്കാര്‍ കേരളീയം എന്ന പേരില്‍ ആഘോഷിക്കുന്നു.
തിരുവനന്തപുരത്ത് ഇന്നു മുതല്‍ നവംബര്‍ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023ന്റെ ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.പിറന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 10.00 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളീയം ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പ് മന്ത്രിമാര്‍ സിനിമാ താരങ്ങളായ കമല്ഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കലസാംസ്കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ കേരളീയത്തില്‍ ഉള്പെടുത്തിയിരിക്കുന്നു.
കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.