തൊടുപുഴയുടെ വികസനം - കേരള കോണ്‍ഗ്രസ് എമ്മിന്റേത്ദുഷ്പ്രചരണം
തൊടുപുഴ: പി ജെ ജോസഫ് എം എല്‍ എയെ വികസന വിരുദ്ധനായി ചിത്രീകരിക്കുന്നതിലൂടെ കേരള കോണ്‍ഗ്രസ് (എം) എം എം മണിയുടെ കുഴലൂത്തുകാരായി സ്വയം അധപതിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് ആരോപിച്ചു. എം എം മണി പി ജെ ജോസഫിനെ അധിക്ഷേപിച്ചതിനേക്കാള്‍ കൂടുതല്‍ കെ എം മാണിയെ അവഹേളിച്ച വ്യക്തിയാണെന്ന് പാര്ട്ടിക്കാര് വിസ്മരിക്കുന്നത് നിര്ഭാഗ്യകരണ്.
തൊടുപുഴയില്‍ വികസനം നടക്കുന്നില്ല എന്ന് വരുത്തി തീര്‍ത്ത് പ്രചരണം നടത്തുക എന്നുള്ളത് എല്‍ഡിഎഫിന്റെ ഗൂഢാലോചനയുടെ ഫലമാണ്. സംസ്ഥാനത്ത് ഒരിടത്തും യു ഡി എഫ് ഭരണകാലത്തെ പോലെ ഇപ്പോള്‍ വികസനം നടക്കുന്നില്ല എന്നത് ഏവര്‍ക്കും അറിയാം. ധൂര്‍ത്തും അഴിമതിയും മൂലം സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായിരിക്കുന്നു. തൊടുപുഴ നിയോജക മണ്ഡലം കേരളത്തിലെ മറ്റ് ഏത് നിയോജകമണ്ഡലത്തെ അപേക്ഷിച്ചും വികസനരംഗത്ത് മാതൃകയും എക്കാലവും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തൊടുപുഴയില്‍ എംഎല്‍എ നിര്‍ദ്ദേശിക്കുന്ന പല പദ്ധതികളും സര്‍ക്കാര്‍ അനുമതി നല്‍കാതെ മനപ്പൂര്‍വ്വം തടസ്സപ്പെടുത്തുകയാണ്. മാരിയില്‍ കടവ് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്പ്രോച്ച് റോഡിന് പി ജെ ജോസഫ് മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ഫണ്ട് ഉണ്ടായിട്ടും ഇതിന്റെ എസ്റ്റിമേറ്റ് പുതുക്കി നല്‍കാത്തത് മൂലം നിര്‍മ്മാണം ആരംഭിക്കാത്തത് ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് മാരിയില്‍ കലുങ്ക് ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരികയാണ്.
എല്ലാവരും പ്രകീര്‍ത്തിക്കുന്ന പുഴയോര ബൈപാസിന്റെ പ്രവേശന കവാടം ഇനിയും തുറക്കാത്തത് മന്ത്രി റോഷി അഗസ്റ്റിന്റെ തെറ്റായ ഇടപെടല്‍ മൂലമാണ്. റോഡിന്റെ ആരംഭ ഭാഗത്ത് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഓഫീസ് സ്ഥാപിക്കുകയും അതിന്റെ മറവില്‍ റോഡ് വികസനം മനപൂര്‍വ്വം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനങ്ങള്‍ കാണുന്നുണ്ട്.
പി ജെ ജോസഫ് എംഎല്‍എ തൊടുപുഴയ്ക്ക് നല്കിയ സംഭാവനകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് മാത്രമേ കാണാതിരിക്കാന്‍ സാധിക്കുകയുള്ളൂ. ഒന്‍പത് ബൈപാസുകള്‍ തൊടുപുഴയില്‍ നിര്‍മ്മിച്ച സ്ഥാനത്ത് ഇടുക്കി, ഉടുമ്പന്‍ചോല ആസ്ഥാനങ്ങളില്‍ ഒരു ബൈപാസ് എങ്കിലും നിര്‍മ്മിക്കാന്‍ മന്ത്രിയായിരുന്ന എം എം മണിയ്ക്കും റോഷി അഗസ്റ്റിനും സാധിച്ചിട്ടുണ്ടോ.
തൊടുപുഴയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ ഇടുക്കി, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലെ എത്ര പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി ഉണ്ടെന്ന് ഉള്ളത് വ്യക്തമാക്കണം. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ, ആയ്യുര്‍വ്വേദ, അലോപ്പതി ആശുപത്രികളും, മൃഗാശുപത്രികളും, കൃഷി ഓഫീസുകളും അവക്കെല്ലാം സ്വന്തമായി കെട്ടിടങ്ങളും നിര്‍മ്മിച്ച തൊടുപുഴ പോലൊരു നിയോജക മണ്ഡലം കേരളത്തില്‍ ഉണ്ടോ എന്ന് ചിന്തിക്കണം.
ഈ വര്‍ഷം തന്നെ 166 കോടിയുടെ നിര്‍മ്മാണമാണ് റോഡ് വികസന രംഗത്ത് തൊടുപുഴയില്‍ നടക്കുന്നത്. ഏത് നിയോജക മണ്ഡലത്തെ അപേക്ഷിച്ചും തൊടുപുഴ വികസന രംഗത്ത് മുന്‍പന്തിയില്‍ തന്നെ നിലനില്‍ക്കുന്നതിലുള്ള വിഷമമാണ് എം എം മണിയ്ക്കും കേരള കോണ്‍ഗ്രസ് എമ്മിനുമുള്ളതെന്ന് കമ്മിറ്റി ആരോപിച്ചു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ ജോസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രൊഫ. എം,. ജെ ജേക്കബ് ,അഡ്വ ജോസഫ് ജോണ്‍, എം മോനിച്ചന് എന്നിവര്‍ സംസാരിച്ചു.