ചോദ്യക്കോഴ വിവാദം; ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യക്കോഴ വിവാദം പരിശോധിക്കാൻ ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്. പരാതി നൽകിയ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദെഹദ്റായി എന്നിവരോട് മൊഴി നൽകുന്നതിനു ഹാജരാകാൻ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
ബി.ജെ.പി എം.പി വിനോദ്കുമാർ സോൻകറാണ് കമ്മിറ്റി അധ്യക്ഷൻ. റിയൽ എസ്റ്റേറ്റ് വ്യവസായി ദർശൻ ഹിരാനന്ദനിയിൽ നിന്നു മഹുവ മൊയ്ത്ര കോഴ വാങ്ങി മഹുവ മൊയ്ത് പാർലമെന്റിൽ അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങളുന്നയിച്ചെന്നാണു ദുബെയുടെ ആരോപണം.
ദെഹദ്റായി ഇതു സംബന്ധിച്ച് തനിക്ക് രേഖകൾ നൽകിയെന്നും അദ്ദേഹം ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്കു നൽകിയ പരാതിയിൽ അറിയിച്ചിരുന്നു. സ്പീക്കർ ഈ പരാതി എത്തിക്സ് കമ്മിറ്റിക്കു കൈമാറുകയായിരുന്നു.
ഇതിനു പിന്നാലെ മഹുവയ്ക്ക് ലോക്സഭാംഗമെന്ന നിലയിൽ ലഭിച്ച അക്കൗണ്ടിന്റെ ഐഡിയും പാസ്വേഡും ദർശൻ ഹിരാനന്ദനിക്കു പങ്കുവച്ചെന്നും ദുബെ ആരോപിച്ചിരുന്നു. മഹുവയുടെ ഐ.ഡി താൻ ഉപയോഗിച്ചെന്നു ദർശൻ ഹിരാനന്ദനി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
വഞ്ചകനായ മുൻ പങ്കാളിയുടെ നുണകളാണിതെന്നാണ് മഹുവയുടെ വാദം. അതേസമയം, വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. അന്വേഷണത്തിനു ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്നു മാത്രമാണു പാർട്ടി നേതൃത്വത്തിന്റെ പ്രസ്താവന.
അതിനിടെ, മഹുവയ്ക്കെതിരേ രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ രംഗത്തെത്തി. രാജ്യ സുരക്ഷയും പാർലമെന്റിന്റെ അന്തസും പണത്തിനുവേണ്ടി മഹുവ അപകടത്തിലാക്കിയെന്നു ദുബെ ആരോപിച്ചു.
അദാനിയോ ഡിഗ്രിയോ മോഷണമോ അല്ല, നിങ്ങളുടെ അഴിമതി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് യഥാർഥ പ്രശ്നമെന്നു ദുബെ സമൂഹമാധ്യമത്തിൽ കുറിച്ചു. അന്വേഷണത്തോടു നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ പൂർണമായി സഹകരിക്കുമെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് അശ്വിനി വൈഷ്ണവ് തനിക്കയച്ച കത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച ദുബെ ധർമയുദ്ധത്തിന്റെ തുടക്കമാണിതെന്നും കൂട്ടിച്ചേർത്തു.