നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ മണിക്കൂറുകളില്‍ ഗോവയില്‍ 15 ശതമാനം പോളിംഗ്; പഞ്ചാബില്‍ വോട്ടിംഗ് മെഷീനില്‍ തകരാര്‍
നിയമസഭയിലേക്ക് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഗോവയിലും ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ട് മണിക്കുമാണ് വോട്ടിംഗ് ആരംഭിച്ചത്. ഗോവയില്‍ രാവിലെ ഒമ്പതു മണിവരെ 15 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. വടക്കന്‍ ഗോവയില്‍ 16ഉം തെക്കന്‍ ഗോവയില്‍ 14 ശതമാനവുമാണ് വോട്ടിംഗ്.
അതേസമയം, സാങ്കേതിക തകരാര്‍ മൂലം പഞ്ചാബിലെ ചില പ്രദേശങ്ങളില്‍ വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗ് മെഷീനിലെ തകരാറാണ് പ്രശ്നങ്ങള്‍ക്കു കാരണം. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളും ത്രികോണ മത്സരത്തിന്റെ വേദിയാവുകയാണ്. ശിരോമണി അകാലിദള്‍ (സാഡ്)ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി) കക്ഷികളാണ് രണ്ടിടത്തും മുഖാമുഖം ബലപരീക്ഷണത്തിന് ഒരുങ്ങിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു സംസ്ഥാനങ്ങളിലും എഎപിയുടെ കന്നിയങ്കമാണിത്.
പഞ്ചാബില്‍ ഭരണത്തിലിരിക്കുന്ന അകാലിദള്‍ബിജെപി കൂട്ടുകെട്ടിനെ വെല്ലുവിളിച്ചുകൊണ്ട് കോണ്‍ഗ്രസും എഎപിയും രംഗത്തുണ്ട്. 81 സ്ത്രീകളും ഒരു ഭിന്നലിംഗക്കാരനും ഉള്‍പ്പെടെ 1,145 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക 1.98 കോടി വോട്ടര്‍മാരാകും. 83 ജനറല്‍ സീറ്റുകളും 34 എണ്ണം സംവരണവുമാണ്.
അമൃത്സര്‍ ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് തന്നെയാണ്. സുപ്രീംകോടതിയുടെ പഞ്ചാബ് നദീജല വിധിയില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അമൃത്സര്‍ ലോക്സഭാ സീറ്റില്‍ 14 ലക്ഷം വോട്ടര്‍മാരാണ്. ബിജെപി, കോണ്‍ഗ്രസ്, എഎപി കക്ഷികള്‍ തമ്മിലാണ് പ്രധാന മത്സരം.
2015ലെ ഡല്‍ഹിയിലെ വിജയം ആവര്‍ത്തിക്കുമെന്നാണ് എഎപിയുടെ അവകാശവാദം. നിയമസഭയിലേക്ക് കന്നി അങ്കമെങ്കിലും 2014ല്‍ നാല് ലോക്സഭാ സീറ്റുകള്‍ എഎപി നേടിയിരുന്നു. പാര്‍ട്ടി മേധാവി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സംസ്ഥാനത്ത് നിറഞ്ഞുനിന്നുള്ള പ്രചരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്ത റാലികള്‍ ഒന്നിലേറെ നടന്നു. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം നടക്കുക.