ഡ്യൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് സൈബര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തത് 75 ലക്ഷം രൂപ; സംഭവം അറിയുന്നത് ഫോണ്‍ നെറ്റ്വര്‍ക്ക് നഷ്ടമായപ്പോള്‍
അഹമ്മദാബാദ്: കറന്‍സി രഹിത സമ്പദ്ഘടനയിലേക്ക് മാറാന്‍ ഡിജിറ്റല്‍ ബാങ്കിംഗിലേക്കും മൊബൈല്‍ അധിഷ്ടിത പണമിടപാടുകളിലേക്കും നീങ്ങാന്‍ ഏവരും നിര്ബദ്ധിതരാകുന്ന സമയത്ത് ആശങ്കയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും പുറത്തുവരുന്നത്. ബിസിനസുകാരനായ ദിലീപ് അഗര്‍വാളിന്റെ മൊബൈല്‍ സിമ്മിന് ഡ്യൂപ്ലിക്കേറ്റ് തരപ്പെടുത്തി സൈബര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തത് ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 75 ലക്ഷം രൂപ.
കഴിഞ്ഞ വെള്ളിയാഴ്ച മൊബൈല്‍ ഫോണിന്റെ നെറ്റ്വര്‍ക്ക് പൊടുന്നനെ നഷ്ടമായപ്പോള്‍, എന്തോ ഒരു പന്തികേട് ദിലീപ് അഗര്‍വാളിന് തോന്നിയിരുന്നു. മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍, നിങ്ങള്‍ ഡ്യൂപ്ലിക്കേറ്റ് സിമ്മിന് അപേക്ഷിച്ചരുന്നല്ലോ എന്ന മറുപടിയാണ് ലഭിച്ചത്. ഉടനെ അക്കൗണ്ടുള്ള ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ദിലീപ് ശരിക്കും ഞെട്ടിപ്പോയത്, 75 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി ഇടപാട് നടത്തിയിരിക്കുന്നു.
സൈബര്‍ മോഷ്ടാക്കള്‍, ദിലീപ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൊബൈല്‍ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം തരപ്പെടുത്തുകയും, അതുപയോഗിച്ച് പുതിയ ഇടപാടുകാരെ അക്കൗണ്ടില്‍ ചേര്‍ക്കുമ്പോള്‍ ചോദിക്കുന്ന വണ്‍ ടൈം പാസ്വേര്ഡ് തട്ടിയെടുക്കുകയും ആയിരുന്നു.
ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ 19 അക്കൗണ്ടുകളിലേക്കാണ് 75 ലക്ഷം രൂപയും മാറ്റിയത്. അക്കൗണ്ടിലുണ്ടായിരുന്ന 1.05 കോടിയില്‍ നിന്നും 1 കോടി രൂപയും തട്ടിയെടുക്കാന്‍ സൈബര്‍ മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 9 ഇടപാടുകള്‍ക്ക് നല്കിയ വിവരങ്ങള്‍ തെറ്റായിപ്പോയതിനാല് 25 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരികെ എത്തുകയായിരുന്നു.
അഹമ്മദാബാദ് സിറ്റി പൊലീസിന്റെ സൈബര്‍ സെല്ലില്‍ ദിലീപ് പരാതി നല്കി. ഇടപാട് നടന്ന 19 അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്തായാലും ഇത്തരമൊരു തട്ടിപ്പ് പുറത്തു വന്നതിലൂടെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ നമ്മള് പുലര്‍ത്തേണ്ട ജാഗ്രതയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.