ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയിച്ചു
ബാംഗ്ലൂർ: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള്‍ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു.
ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐ.എസ്.ആര്.ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി. 9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്.
ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയായിരുന്നു.
തുടർന്ന് 8:45ലേക്ക് മാറ്റിയെങ്കിലും വിക്ഷേപണം നടത്താൻ അഞ്ച് സെക്കൻഡ് ബാക്കിനിൽക്കേ ജ്വലനപ്രശ്നങ്ങൾ കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഐ.എസ്.ആര്.ഒ തലവന്‍ എസ്.സോമനാഥ് അറിയിച്ചിരുന്നു. രാവിലെ പത്ത് മണിക്ക് തന്നെ വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുകയായിരുന്നു.
വിക്ഷേപണ ശേഷം ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു.
ഗഗന്യാന് പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിച്ചത്. നാലു ഘട്ടങ്ങളിലായാണ് പരീക്ഷണം.