സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധം, സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ ഓഫീസ് ഉപരോധം 6ന്
തിരുവനന്തപുരം: പെൻഷൻകാരോടുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ അധികൃതരുടെ അവഗണനയ്ക്കെതിരെ ഒക്ടോബർ ആറിന് ഓഫീസ് ഉപരോധം നടത്തുമെന്ന് സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്തു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
1954-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കേരള നിയമസഭ അംഗീകരിച്ച സ്പോർട്സ് ആക്ടിലെ നിയമങ്ങൾക്ക് വിധേയമായി കേരള കായിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ്. എന്നാൽ നാളിതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ നിന്നും ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിച്ച പെൻഷൻകാരും, ഇപ്പോൾ സേവനമനുഷിട്ടിക്കുന്ന ജീവനക്കാരും കടന്നുപോകുന്നത്.
കേരള സ്റ്റേറ്റ് ജീവനക്കാർക്കുള്ള ശമ്പളവും, സ്പോർട്സ് കൗൺസിൽ സ്ഥാപിതമായതു മുതൽ പെൻഷൻകാർക്കുള്ള പെൻഷനും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ കുറച്ചു മാസങ്ങളായി സർവ്വീസിൽ നിന്നും വിരമിച്ച പെൻഷൻകാർക്ക് പ്രതിമാസം ഒന്നാം തീയ്യതി ലഭിക്കേണ്ട പെൻഷൻ കൃത്യ സമയത്തു് ലഭിക്കുന്നില്ല.
2023 ആഗസ്റ്റ് മാസം ഒന്നാം തീയ്യതി ലഭിക്കേണ്ടിയിരുന്ന പെൻഷൻ ഓണക്കാലമായിരുന്നിട്ടും സമരപ്രഖ്യാപന നോട്ടീസ് നൽകിയശേഷം തിരുവോണത്തിൻറെ തലേദിവസമാണ് ലഭിച്ചത്.
2023 സെപ്റ്റംബർ മാസം ഒന്നാം തീയ്യതി ലഭിക്കേണ്ട പെൻഷൻ ഇതുവരെയും ലഭിച്ചിട്ടില്ല. കിടപ്പ് രേഗികളും, ക്യാൻസർ രോഗികളും, വാക്കറിന്റെ സഹായത്താൽ നടക്കുന്നവരും, ദിവസേന മരുന്ന് കഴിക്കുന്നവരുമാണ് ഭൂരിപക്ഷം പെൻഷൻകാരും.
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നും വിരമിച്ച പെൻഷൻകാർക്കും, ജീവനക്കാർക്കും നാളിതുവരെയായിട്ടും പത്താം ശംബള പരിഷ്ക്കരണ കുടിശ്ശിക ലഭിച്ചിട്ടില്ല പതിനൊന്നാം ശംബള പരിഷ്ക്കരണം നടപ്പിലാക്കുകപോലും ചെയ്തിട്ടില്ല. മാത്രവുമല്ല 2014 മുതൽ സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല.
ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്/സെക്രട്ടറി എന്നിവർക്ക് നിരവധി കത്തുകൾ നൽകിയിട്ടും, നേരിട്ട് സംസാരിച്ചിട്ടും ഇതുവരെയായിട്ടും യാതൊരു നടപടികളും കൈകൊള്ളാത്തതിനാലും, സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നും വിരമിച്ച പെൻഷൻകാരോട് കൈക്കൊള്ളുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടും 2023 ഒക്ടോബർ ആറിന് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസ് ഉപരിധിച്ചു കൊണ്ടുള്ള സമരമാണ് നടത്തുന്നത് .ഒളിമ്പിയൻ ഓമനകുമാരി സമരം ഉത്കഠനം ചെയ്യും .
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് പി .അനിൽ ,സെക്രട്ടറി സുരേഷ് , വൈസ് പ്രെസിഡന്റുമാരായ ലോറൻസ്, ബാലചന്ദ്രൻ, സ്വിമ്മിങ്ങ് കോച്ച് കോമളം, എക്സിക്യൂട്ടീവ് മെമ്പർ രവീന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.