സമ്പൂർണ കൃതികൾ പ്രകാശനം ചെയ്തു, സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനുമാഷെന്ന് മുഖ്യമന്ത്രി
കൊച്ചി: പ്രൊഫ. എം.കെ.സാനുവിന്റെ സമ്പൂർണ കൃതികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് സാനുമാഷെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാനു മാഷിനെ പോലുള്ള മഹത് വ്യക്തികളുടെ ഊർജം വരുംകാലത്തിനായി സംഭരിച്ച് സൂക്ഷിച്ചു കൈമാറണം.
ഇത്തരം ഒരു പ്രസിദ്ധീകരണത്തിന് മുൻകൈയെടുത്ത സമൂഹെന്ന കൂട്ടായ്മയെ അഭിനന്ദിക്കുന്നു. 100 വയസിനോട് അടുക്കുന്ന സാനുമാഷിന്റെ തെളിഞ്ഞ ചിന്തയും മൗലികമായ കണ്ടെത്തലുകളുമാണ് അദ്ദേഹത്തെ സമൂഹത്തിൽ ഉയർത്തിനിർത്തുന്നത്.
സമൂഹത്തിനെ നവീകരിക്കുന്ന നിലപാടുകളും ജീവിത മുഹൂർത്തങ്ങളുമാണ് മാഷിന്റെ സമ്പൂർണ കൃതികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
മഹത്തായ കൃതികളുടെ വിലപ്പെട്ട ശേഖരമാണിത്. സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ പ്രബുദ്ധമാക്കിയ വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകൾ കാലത്തിനനുസരിച്ച് നവീകരിച്ച് സമൂഹത്തിലേക്ക് പകർന്നു നൽകി.
പത്രാധിപർ, പ്രഭാഷകൻ, നിരൂപകൻ, സാമൂഹ്യ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ സാനു മാഷിന്റെ പ്രവർത്തനം പ്രശംസനീയമാണ്. സമാനതകൾ ഇല്ലാത്ത രചനകളാണ് 12 വാല്യങ്ങളിലായി സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല, സർവ്വവിജ്ഞാന കോശം ഡയറക്ടർ മ്യൂസ് മേരി ജോർജ് എന്നിവർ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് ആദ്യമായി സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ ഏറ്റുവാങ്ങി.
ആയുസിന്റെ പ്രവർത്തന ഫലമാണ് ഈ സമാഹാരമെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. സമൂഹത്തിന്റെ എളിയ സന്താനമെന്ന നിലയിൽ മാത്രമാണ് കൃതികൾ പ്രസിദ്ധീകരിക്കുന്നത്.
സ്നേഹത്തോടെ എന്നെ സമീപിക്കുന്ന എല്ലാവർക്കും കൃതജ്ഞത അറിയിക്കുന്നതായും സമ്പൂർണ്ണ കൃതികൾ പ്രകാശനം ചെയ്ത മുഖ്യമന്ത്രിക്ക് കടപ്പാട് അറിയിക്കുന്നതായും സാനു മാഷ് പറഞ്ഞു.
എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ സി.എൻ.മോഹനൻ അധ്യക്ഷനായി. വ്യവസായ മന്ത്രി പി.രാജീവ്, കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, റ്റി.ജെ.വിനോദ് എം.എൽ.എ, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ.കരുൺ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, പ്രൊഫ. എം.തോമസ് മാത്യു, സുനിൽ.പി.ഇളയിടം തുടങ്ങിയവർ പങ്കെടുത്തു.