മഹാ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് തപൻസെൻ
തൃശൂർ: കേന്ദ്രസർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കും തൊഴിലാളി വിരുദ്ധ നടപടികൾക്കും എതിരായി തൊഴിലാളികളും കർഷകരും ചേർന്നുള്ള മഹാ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് സി.ഐ.റ്റി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു.
രണ്ട് ഉൽപാദന വർഗങ്ങൾ ഒന്നിച്ച് ചരിത്ര പോരാട്ടമാണ് നടത്തുക. 2020ലെ കർഷക മഹാപ്രക്ഷോഭത്തിന് തൊഴിലാളി വർഗ്ഗം പിന്തുണച്ചിരുന്നു ഇപ്പോൾ 500 കർഷക സംഘടനകൾ ചേർന്ന കർഷകമഞ്ചും സംയുക്ത തൊഴിലാളി സംഘടനകളും ഒന്നിച്ച് കേന്ദ്രസർക്കാറിന്റെ ജനദ്രോഹത്തിനെതിരെ മഹാ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
സി.ഐ.റ്റി.യു സംസ്ഥാന ജനറൽ കൗൺസിലിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുത്തക- വർഗീയ ഭരണാധികാരികളെ പുറത്താക്കണം.
ഇതിൻ്റെ ഭാഗമായി ഒക് ടോബർ മൂന്നിന് കരിദിനം ആചരിച്ചു. നവംബർ 26, 27, 28 തിയതികളിൽ സംസ്ഥാന തല മഹാ പ്രക്ഷോഭം സംഘടിപ്പിക്കും. താഴെ തലങ്ങളിലും പ്രക്ഷോഭങ്ങളിലും മഹാ സമരങ്ങൾ ഉയരണം.
ഇതിൻ്റെ സന്ദേശം എല്ലാ കുടുംബങ്ങളിലും എത്തിക്കണം. രാജ്യരക്ഷക്കായുള്ള പോരാട്ടമായി കണ്ട് എല്ലാവരും രംഗത്തിറങ്ങണം. രാജ്യത്തെ പൊതു സ്വത്ത് കോർപറേറ്റുകൾക്ക് മോധി സർക്കാർ തീറെഴുതി.
കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നില്ല, സർക്കാർസംഭരണ സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നില്ല. കുത്തകകൾക്ക് വെയർഹൗസുകളും വിട്ടുകൊടുത്തു. ഇതോടെ പാവപ്പെട്ട കർഷകരുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലക്ക് കുത്തകകൾ കൈയടക്കും.
പൂഴ്ത്തിവച്ച് കൊള്ള വിലക്ക് വിൽക്കും.സ്മാർട്ട് മീറ്റർ ഇറക്കി വൈദ്യുതി മേഖലയിലും കൊള്ളക്ക് വഴിയൊരുക്കി. ഹെയർ ഔട്ട് എന്ന പേരിൽ കുത്തകകളുടെ വായ്പകളിൽ 70 ശതമാനം എഴുതിതള്ളാനാണ് ലക്ഷ്യം.
വനമേഖലകളും ധാതു സമ്പത്തും വിദേശ- സ്വദേശ കുത്തകയ്ക്ക് കൈമാറുന്നുസ്വാതന്ത്യത്തിൻ്റെ 70-ാം വർഷം ആഘോഷിക്കുമ്പോഴും രാജ്യത്തിൻ്റെ പരമാധികാരം തകർക്കുന്നു. ഇത്തരം രാജ്യദ്രോഹപ്രവ്യത്തികൾ മാധ്യമങ്ങൾ കർട്ടനിട്ട് മറക്കുകയാണ്.
പോരാട്ടങ്ങൾ ശക്തിപ്പെടുമ്പോൾ ജാതിപറഞ്ഞ് തൊഴിലാളികളെ വിഭജിക്കുന്ന വിഷം ചീറ്റുന്ന പ്രചാരണം നടത്തുന്നു. പോരാട്ടം മാത്രമാണ് വഴി. കേരളം അതിന് മുന്നിൽ നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻ്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ, എ.ഐ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി യു.പി.ജോസഫ് എന്നിവർ സംസാരിച്ചു.