സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയിലും ഡൽഹി പൊലീസിന്റെ റെയ്ഡ്
ന്യൂഡൽഹി: വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പരിശോധനയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയിലും റെയ്ഡ്. ഡൽഹി പൊലീസാണ് റെയ്ഡ് നടത്തുന്നത്. കാനിങ്ങ് റോഡിലെ വസതിയിലായിരുന്നു പരിശോധന. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്.
ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. അതേ സമയം, ന്യൂസ് ക്ലിക്കിന് പണം നൽകിയ അമേരിക്കൻ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്ന് വ്യക്തമാക്കിയ ഇ.ഡി കാരാട്ടിൻറെ ഇ മെയ്ലും പരിശോധിച്ചതായി വ്യക്തമാക്കി.
ഡൽഹി പൊലീസ് രാവിലെ നടത്തിയ വ്യാപക റെയ്ഡിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.
30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായാണ് പൊലീസ് വ്യക്തമാക്കിയത്. റെയ്ഡിൽ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . ഡൽഹിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീസ്ത സെതൽവാദിൻറെ മുംബൈയിലെ വസതിയിലും നടന്നു. ഡൽഹി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു.
യു.എ.പി.എ കേസിൽ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവർത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ഡൽഹി പൊലീസിൻറെ റെയ്ഡ് നടക്കുന്നത്.
നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിൻറെ എക്സ് ഹാൻഡിൽ സസ്പെൻഡ് ചെയ്തിരുന്നു.