മേഖലാതല അവലോകന യോഗം ഇന്ന്, എറണാകുളം ബോൾഗാട്ടി പാലസിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക.
രാവിലെ 9.30 മുതൽ 1.40 വരെ ജില്ലകളിലെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും, ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫീസർമാർ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവുമാണ് നടക്കുന്നത്.
ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കുക, സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
ദാരിദ്ര്യനിർമ്മാർജന പദ്ധതികൾ, വിവിധ മിഷൻ പ്രവർത്തനങ്ങൾ, ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം ഉൾപ്പെടെ ജില്ലകളിലെ പ്രധാന വികസന- ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകൾക്ക് ആവശ്യമായ പുതിയ പദ്ധതികൾ തുടങ്ങിയവ യോഗം ചർച്ച ചെയ്യും.
ചീഫ് സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ കളക്ടർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ അഞ്ചിന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായും സർക്കാർ അറിയിച്ചു.