സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യ
ഹാങ്ങ്ചൗ: ആവേശോജ്വലമായ പോരാട്ടത്തിനൊടുവിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സ്ക്വാഷിലും സ്വർണം സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. 9 വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്ക്വാഷിൽ സ്വർണം നേടുന്നത്.
ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയ സ്വർണ മെഡലുകളുടെ എണ്ണം 10 ആയി. 2-1നാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അഭയ് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ഒരുപക്ഷെ പരാജയപ്പെട്ടേക്കാമെന്ന് സംശയിച്ചിരുന്ന നിമിഷത്തിൽ ഇന്ത്യക്കു വേണ്ടി രണ്ടു പോയിൻറുകൾ നേടി 12-10 സ്കോറിൽ അഭയ് അവസാന ഗെയിം അവസാനിപ്പിച്ചു. അറുപത്തഞ്ച് മിനിറ്റാണ് അവസാന ഗെയിം നീണ്ടു നിന്നത്.
ഇന്ത്യയ്ക്കു വേണ്ടി ആദ്യമിറങ്ങിയ മഹേഷ് എം നേരിട്ടുള്ള സെറ്റുകളിൽ 8-11,3-22, 2-11 എന്ന സ്കോറിൽ പാക്കിസ്ഥാൻറെ നാസിൽ ഇഖ്ബാലിനോട് പരാജയപ്പെട്ടിരുന്നു. രണ്ടാമതിറങ്ങിയ സൗരവ് ഗോശാൽ 11-5,11-1, 11-3 എന്ന സ്കോറോടെ പാക്കിസ്ഥാൻറെ മുഹമ്മദ് അസീമിനെ പരാജയപ്പെടുത്തി സമനില പിടിച്ച് ഇന്ത്യയുടെ വിജയത്തിലേക്കുള്ള വഴി തുറന്നു.
മൂന്നാമതായി ഇറങ്ങിയ അഭയ് സിങ്ങ് പാക്കിസ്ഥാൻറെ നൂർ സമാനെതിരേ 11-7, 9-11, 7-11, 11-9, 12-10 സ്കോറോടെ ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സ്ക്വാഷ് ടീമിന് വെങ്കലമാണ് ലഭിച്ചിരുന്നത്.